കാട്ടാന ആക്രമണത്തിലെ മരണത്തില്‍ മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴല്‍നാടന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസ്
കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചു, പൊതു മുതല്‍ നശിപ്പിച്ചു എന്നിങ്ങനെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയാണ് പ്രതിഷേധം നടന്നത്. നഗരമധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധമാണുണ്ടായത്. കളക്ടറുള്‍പ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ആയതോടെ പൊലീസ് ബലംപ്രയോഗിച്ചു.
തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പൊലീസ് വീണ്ടും മോര്‍ച്ചറിയില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് ജനപ്രതിനിധികളുടേത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമെന്ന് കോതമംഗലത്ത് എത്തി ബന്ധുക്കളെ കണ്ട ശേഷം മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. മൃതദേഹം വലിച്ചിഴച്ചത് പൊലീസ് ആണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.