‘കുട്ടി നേരം വിത്ത് സബ് കലക്ടർ’ പദ്ധതിക്കു തുടക്കമായി
സിവിൽ സർവീസസ് പരീക്ഷയുടെ അഭിമുഖത്തിലെ
കടുകട്ടി ചോദ്യങ്ങൾക്ക് മുൻപിൽ പോലും പതറാതിരുന്ന ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്‌ണൻ പക്ഷേ, കുരുന്നുകളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ആദ്യം തെല്ലൊന്നു പതറി. പിന്നെ സരസവും ലളിതവുമായ ഭാഷയിൽ കുരുന്നുകളുടെ സംശയങ്ങൾക്ക് മറുപടി നൽകി. മേഖലയിലെ സ്‌കൂൾ വിദ്യാർഥികളുമായി ആരംഭിച്ച സംവാദപരിപാടിയായ ‘കുട്ടി നേരം വിത്ത് സബ് കലക്ടർ’ എന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ തന്നെ കാണാനെത്തിയ ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു സബ് കലക്ടർ.
സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 9 കുട്ടികൾക്കാണ് സബ് കലക്‌ടറോട് ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാൻ അവസരം ലഭിച്ചത്. പ്രധാനാധ്യാപിക ജയലക്ഷ്മി, അധ്യാപിക ജോമോൾ ജോസ് എന്നിവരോടൊപ്പം കുട്ടികൾ ആദ്യം ആർഡിഒ ഓഫിസിലെ സബ് കലക്‌ടറുടെ ചേംബറിലെത്തി. തുടർന്ന് ഓഫിസിലെ ഉദ്യോഗസ്‌ഥനായ ജി.ആർ.ഗോകുൽ കുട്ടികൾക്ക് ഓഫിസും സബ്‌ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്ഥലവും പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ സബ് കലക്ടറുടെ ക്യാംപ് ഓഫിസിലെത്തി
സബ് കലക്ടറും ഭാര്യ ഐആർഎസ് ഉദ്യോഗസ്‌ഥയായ ശ്രീതുവും ചേർന്ന് കുട്ടികളെ സ്വീകരിച്ചു. തുടർന്നുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ഇരുവരും ചേർന്ന് മറുപടി നൽകി. സംവാദത്തിനു ശേഷം കുട്ടികൾക്കും അധ്യാപകർക്കും ഇരുവരും ചായയും പലഹാരങ്ങളും ചോക്‌ലേറ്റും പേനകളും നൽകിയാണ് മടക്കിയത്. ദേവികുളം സബ്ഡിവിഷനു കീഴിലുള്ള സ്‌കൂൾ വിദ്യാർഥികളുമായി ആശയവിനിമയം നടത്താനും അവരുടെ സംശയ ദുരീകരണവും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് സബ് കലക്ടർ തുടക്കമിട്ടത്.