നാട്ടുവാര്‍ത്തകള്‍
കല്യാണത്തണ്ടിനെ മാലിന്യ കൂമ്പാരമാക്കി സാമൂഹിക വിരുദ്ധർ

കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ട് വിനോദ സഞ്ചാര മേഖലയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു. കല്യാണത്തണ്ട് മഹാ ദേവ ക്ഷേത്രത്തിന് മുമ്പിലൂടെയുള്ള പ്രധാൻ മന്ത്രി ഗ്രാമീൺ സദക് യോജന റോഡിനെയാണ് സാമൂഹിക വിരുദ്ധർ മലിന കൂമ്പാരമാക്കി മാറ്റുന്നത്.
ക്ഷേത്രത്തിൽ നിന്നും ഒരു കിലോ മീറ്റർ ദൂരപരിധിക്കുള്ളിലാണ് വാഹന സഞ്ചാരം തടസ്സപ്പെടുന്ന രീതിയിൽ ചാക്കിൽ നിറച്ച് മാലിന്യം തള്ളിയിരിക്കുന്നത്. സ്ഥിരമായി നടക്കുന്ന മാലിന്യ നിക്ഷേപം പരിസ്ഥിതി പ്രവർത്തകർ നഗര സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പരിസ്ഥിതി സംരക്ഷിത – വിനോദ സഞ്ചാര മേഖലയിൽ നടക്കുന്ന സ്ഥിര മാലിന്യ നിക്ഷേപത്തിനെതിരെ ജനപ്രതിനിധികളും, നഗരസഭയും സി.സി.ടി.വി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.









































































