തമിഴ്നാട്ടിൽ ഡിഎംകെ, സിപിഐഎം-സിപിഐ പാർട്ടികളുമായി ധാരണയിലെത്തി; സീറ്റുകളിൽ പിന്നീട് തീരുമാനം


ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും ഇടതുപാർട്ടികളും സീറ്റ് ധാരണയിലെത്തി. സിപിഐഎം, സിപിഐ പാർട്ടികൾക്ക് രണ്ട് സീറ്റുകൾ വീതം നൽകാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകൾ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാർട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശനും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയിലെത്തിയത്. 2019ലെ പൊതുതിരഞ്ഞെടുപ്പിലും സിപിഐഎമ്മിനും സിപിഐയ്ക്കും ഡിഎംകെ സഖ്യത്തിൽ രണ്ട് സീറ്റുകൾ വീതം മത്സരിക്കാൻ നൽകിയിരുന്നു. ഇതിൽ കോയമ്പത്തൂര്‍, മധുര ലോക്സഭാ മണ്ഡലങ്ങളിൽ നിന്നാണ് സിപിഐഎം മത്സരിച്ചത്. രണ്ടിടത്തും സിപിഐഎം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. സിപിഐ മത്സരിച്ച നാഗപട്ടണം, തിരുപ്പൂര്‍ മണ്ഡലങ്ങളിൽ അവരും വിജയിച്ചിരുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ സീറ്റായ കോയമ്പത്തൂർ സീറ്റ് കമൽഹാസന് നൽകാൻ ആലോചനയുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പകരമായി തെങ്കാശി സീറ്റ് നൽകാമെന്നാണ് നിർദ്ദേശമെന്നും റിപ്പോർട്ടുണ്ടായിരുന്നു. കമൽഹാസൻ്റെ പാർട്ടിയായ മക്കൾ നീതി മെയ്യം ഡിഎംകെ മുന്നണിയുമായുള്ള സഖ്യചർച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുടെ പിന്നാലെയായിരുന്നു കോയമ്പത്തൂർ ഡിഎംകെ മുന്നണി വിട്ടുകൊടുക്കുമെന്ന വാർത്തകൾ വന്നത്. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം കമൽഹാസൻ നേരത്തെ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്.