ചൂടു കൂടിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആശങ്ക വിതച്ച് തീപിടിത്തം
ചൂടു കൂടിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആശങ്ക വിതച്ച് തീപിടിത്തം. വനമേഖലകളിലും കൃഷിയിടങ്ങളിലും തീപടർന്നു നാശനഷ്ടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കരിങ്കുന്നം വില്ലേജിലെ ഇല്ലിചാരി ഭാഗത്ത് വൻ തീപിടിത്തമുണ്ടായി 400 ഏക്കറോളം സ്ഥലത്തെ അടിക്കാട് ഉൾപ്പെടെ കത്തിനശിച്ചു. കഴിഞ്ഞയാഴ്ച പള്ളിവാസൽ കല്ലാറിനു സമീപമുള്ള മലമുകളിൽ കാട്ടുതീ പടർന്ന് 200 ഏക്കറിലധികം സ്ഥലത്തെ പുൽമേടുകളും മരങ്ങളും കത്തിനശിച്ചിരുന്നു. അടുത്തയിടെ മറയൂർ മലനിരകളിലും വ്യാപകമായി കാട്ടുതീ പടർന്നുപിടിച്ചു. പീരുമേട് മേഖലയിൽ വിവിധയിടങ്ങളിലായി ഏക്കറുകണക്കിന് കുറ്റിക്കാടുകളും പുൽമേടുകളുമാണ് കാട്ടുതീയിൽ കത്തിയമർന്നത്. ജില്ലയുടെ മറ്റു പല ഭാഗങ്ങളിലും കൃഷിയിടങ്ങളിലേക്കും തോട്ടങ്ങളിലേക്കും തീപടർന്നു നാശം നേരിട്ടു.
വിശ്രമമില്ലാതെ ഫയർഫോഴ്സ്
തീപിടിത്തം പതിവായതോടെ, ഫയർ ഫോഴ്സിനു വിശ്രമമില്ലാത്ത ദിനങ്ങളാണിപ്പോൾ. ജില്ലയിലെ 8 ഫയർ സ്റ്റേഷനുകളിലുമായി ജനുവരി-ഫെബ്രുവരി മാസത്തിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് എത്തിയത് 110 കോളുകൾ. ഏറ്റവും കൂടുതൽ വിളികൾ എത്തിയതു തൊടുപുഴ ഫയർ സ്റ്റേഷനിലേക്കാണ്-31 കോളുകൾ. ചൂട് കൂടിയതോടെ ദിവസം ചുരുങ്ങിയത് ഒന്നോ രണ്ടോ കോളുകൾ ഓരോ ഫയർ സ്റ്റേഷനിലേക്കും എത്തുന്നുണ്ട്. പറമ്പ്, തോട്ടങ്ങൾ, മാലിന്യക്കുമ്പാരം എന്നിവയ്ക്കാണ് കുടുതലായും തീപിടിക്കുന്നത്. കാട്ടുതീയും ഭീതി വിതയ്ക്കുന്നുണ്ട്. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയുമൊക്കെ കൃത്യമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തങ്ങളിലേക്കെത്താതെ തീയണയ്ക്കാനായത്. പലപ്പോഴും ഫയർഫോഴ്സിന്റെ വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്ത ഉയർന്ന പ്രദേശങ്ങളിലായിരിക്കും തീപടർന്നു പിടിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പ്രദേശവാസികളുടെയടക്കം സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ചൂടുകൂടിയതും അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതുമാണ് തീപിടിത്തത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.