പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം; വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ആഭ്യന്തരമന്ത്രാലയം ഉടൻ വിജ്ഞാപനം പുറത്തിറക്കിയേക്കും. മാതൃകാ പെരുമാറ്റ ചട്ടത്തിനുമുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് നീക്കം.
ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ് കേന്ദ്രസർക്കാരിൻറെ നിർണായകനീക്കം. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ വിജ്ഞാപനം അടുത്തയാഴ്ച ഇറക്കുക. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കും. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടക്കാനാണ് പൗരത്വത്തിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഓൺലൈൻ മുഖേനയാക്കുന്നത്.
ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയ ഹിന്ദു സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു പൗരത്വത്തിന് പരിഗണിക്കുക. 2019ൽ പാസാക്കിയ നിയമത്തിനെതിരെ വൻതോതിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.പൗരത്വം നൽകുന്നതിനായി മതം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ.