ട്വിന്നിംഗ് സ്കൂൾ പ്രോഗ്രാം – കലഞ്ഞൂരിൽ നിന്നും കല്ലാറിലേക്ക് പഠന സംഘമെത്തി
മുണ്ടിയെരുമ:- പത്തനംതിട്ട കലഞ്ഞൂർ
സ്കൂളിൽ നിന്നും കല്ലാർ സ്കൂൾ കാണുന്നതിന്
പഠന സംഘമെത്തി.
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന 14 മാതൃകാ വിദ്യാലയങ്ങളുടെ
ട്വിന്നിംഗ് പ്രോഗ്രാം പരിപാടിയുടെ ഭാഗമായാണ് കലഞ്ഞൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 42 പേരടങ്ങുന്ന
വിദ്യാർത്ഥി ,അധ്യാപക, രക്ഷാകർതൃ സംഘം
കല്ലാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ കാണുന്നതിനായി എത്തിയത്.
കലഞ്ഞൂർ സ്കൂളിനേയും കല്ലാർ സ്കൂളിനേയും സംസ്ഥാനത്തെ മാതൃകാ വിദ്യാലയങ്ങളായി ഉയർത്തുന്നതിൻ്റെ ഭാഗമായി പരസ്പരം വിദ്യാലയങ്ങൾ അടുത്തറിയുകയും മികവുകൾ പങ്കു വയ്ക്കുകയും ആണ് ഈ സന്ദർശന പരിപാടി കൊണ്ട് ഉദ്ദ്ദേശികുന്നത്.
സംഘം കല്ലാർ സ്കൂളിലെ പഠന മികവുകളും പ്രവർത്തന രീതികളും പാഠ്യേതര പ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കി.
.കല്ലാർ സ്കൂളിൽ പുതുതായി നടപ്പിലാക്കിയ 13 സ്പോട്സ് ക്യാമ്പസ് ക്ലബുകളും ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലന ഉപകരണങ്ങളും സ്പോട്സ് ലാബും വിദ്യാലത്തിലെ മറ്റ് ലാബ്, ലൈബ്രറി സംവിധാനങ്ങളും നേരിൽ കണ്ട് മനസ്സിലാക്കി.
കുട്ടികൾ പരസ്പരം കലാപരിപാടികൾ അവതരിപ്പിച്ചു. കാരംസ്, ചെസ്സ് മത്സരത്തിലേർപ്പെട്ടു. കലഞ്ഞൂർ സ്കൂളിലെ സയൻസ് ലാബിൽ കുട്ടികൾ നിർമ്മിച്ചെടുത്ത റോബോട്ടിക് ശാസ്ത്ര പ്രദർശനവും,
കരാട്ടേ പ്രകടനവും, കലാരൂപങ്ങളായ
പാഠകവും, അഷ്ടപതിയും അവതരിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.
കലഞ്ഞൂർ സ്കൂളിലെ ഹെഡ്മാസ്റ്റർ
ഗോപകുമാർ, പി.റ്റി.എ.പ്രസിഡൻറ്
മഞ്ജു ബിനു, എസ്. എം. സി ചെയർമാൻ രാജേഷ്,
പി.റ്റി.എ.വൈസ് പ്രസിഡൻ്റും മാധ്യമ പ്രവർത്തകനുമായ പ്രശാന്ത് കോയിക്കൽ അധ്യാപകരായ ഡോ.രമേശ്, സജീവ്, സിബി മാത്യു, സിന്ധു ആർ.നായർ, ചന്ദ്രമതി, മിത്രജ, മിനി ശ്രീധരൻ, കമല തുടങ്ങിയവരും
നിരജ്ജൻ്റ നേതൃത്വത്തിലുള്ള 22 അംഗ വിദ്യാർത്ഥികളുമാണ് കലഞ്ഞൂർ സ്കൂളിൽ നിന്നുള്ള പഠന
സംഘത്തിലുണ്ടായിരുന്നത്.
സ്കൂളിലെത്തിയ സംഘത്തെ കല്ലാർ സ്കൂൾ പി.റ്റി.എ യും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.
കലഞ്ഞൂർ സ്കൂൾ കല്ലാർ സ്കൂളിന് സമ്മാനിച്ച ഉപഹാരം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. കല്ലാർ സ്കൂൾ സന്ദർശനത്തിന് ശേഷം രാമക്കൽമേടും സന്ദർശിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.