കാട്ടാന ആക്രമണം; മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് ധനസഹായം. 10 ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിയിൽ വെച്ച് ഡീൻ കുര്യാക്കോസ് എംപിയും എ രാജ എംഎൽഎയും ചേർന്ന് കൈമാറി. പരിക്കേറ്റവരുടെ ചികിത്സ പൂർണമായും ഏറ്റെടുക്കാനും ഓട്ടോറിക്ഷയ്ക്ക് നഷ്ടപരിഹാരം നൽകാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കാൻ ശുപാർശ ചെയ്യും. വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കും. അതേസമയം, സർവ്വകക്ഷി യോഗത്തിന് ശേഷം പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചു.
കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമത്തിൽ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് ഒട്ടോയിൽ മടങ്ങുമ്പോഴായിരുന്നു കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്പികൈയിൽ ചുഴറ്റി എറിയുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളിൽ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനിൽക്കെയായിരുന്നു ഈ സംഭവം.