അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം,പ്രതിഷേധം ശക്തം
ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം.ഞായറാഴ്ച്ച രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ച് പ്രവേശനം നിരോധിച്ചത്.ഗ്രാമപഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയാണ് നടപടി.മുൻപ് ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.ഇതേ തുടർന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നൽകി.ഇതിനു പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചത്.അഞ്ചുരുളി ടൂറിസം തകർക്കാനായി ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.പ്രവേശനം നിരോധിച്ചത് അറിയാതെ ഇന്ന് മാത്രം നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് അഞ്ചുരുളിയിൽ എത്തി നിരാശരായി മടങ്ങിയത്.ഇരട്ടയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുവാൻ നിർമ്മിച്ച ടണലാണ് അഞ്ചുരുളിയിലെ പ്രധാന ആകർഷണം.ഇത് കാണുന്നതിനാണ് കൂടുതൽ ആളുകളും വിവിധ ജില്ലകളിൽ നിന്ന് ഇങ്ങോട്ടെത്തുന്നത്.
ടണലിലേക്കുള്ള പ്രവേശന നിരോധനം നീക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതെ സമയം അപകട സാധ്യതയുള്ളത്തിനാലാണ് ഗേറ്റ് സ്ഥാപിച്ചത് എന്നാണ് ഡാം സേഫ്റ്റി വിഭാഗത്തിന്റെ വിശദീകരണം.