ത്രിവേണി സംഗമത്തിലെ സംരക്ഷണഭിത്തി തകര്‍ന്ന നിലയില്‍
നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന മൂലമറ്റം ത്രിവേണി സംഗമത്തിലെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നു.
വലിയാറില്‍ നിന്നുള്ള വെള്ളം എത്തുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. മൂലമറ്റം ഭൂഗർഭ നിലയത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം കനാലിലൂടെ വരുന്ന വെള്ളം, നച്ചാർ, വലിയാർ എന്നിവ ചേരുന്ന ഏറെ പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലമാണ് ത്രിവേണി സംഗമം. മഴക്കാലം എത്തുന്നതിന് മുമ്ബ് സംരക്ഷണഭിത്തി പുനഃനിർമ്മിക്കണമെന്ന് ആവശ്യം. ഭിത്തി കൂടുതല്‍ തകർന്നാല്‍ സമീപത്തെ പുരയിടങ്ങളിലെ മണ്ണ് ഒലിച്ച് പോകാനും കൃഷി നശിക്കാനും ഇടയാക്കും.
നിലവില്‍ തുടരുന്ന ശക്തമായ കുത്തൊഴുക്കില്‍ ബാക്കി സംരക്ഷണ ഭിത്തി കൂടി ഇടിയാൻ സാധ്യതയുണ്ട്. പിന്നീട് ഇത് പുനഃനിർമ്മിക്കണമെങ്കില് ലക്ഷങ്ങള്‍ വേണ്ടിവരും. വേണ്ടവിധം ത്രിവേണി സംഗമം സംരക്ഷിക്കുകയാണെങ്കില്‍ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഇപ്പോള്‍ തന്നെ ത്രിവേണി സംഗമം കാണാൻ നിത്യേന നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇവിടം വിനോദ സഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റാൻ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.