തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസില്‍ അറസ്റ്റിലായ അക്യൂപങ്ചര്‍ ചികില്‍സകന് നേരെ ആക്രമണ ശ്രമവുമായി പ്രതി നയാസ്
ഭാര്യയെ കൊന്നവനെ കൊല്ലുമെന്ന ആക്രോശത്തോടെ നയാസ്
വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ധീന് നേരെ പാഞ്ഞടുത്തു.
നേമം പൊലീസ് സ്റ്റേഷനിലായിരുന്നു നാടകീയ രംഗങ്ങള്‍. പ്രതികളെ കാരയ്ക്കാമണ്ഡപത്തെ വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു.
കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടില്‍ പ്രസവത്തിനിടെ മരിച്ച ഷമീറ ബീവിക്ക് അക്യൂപങ്ചര്‍ ചികിത്സ നല്‍കിയ വെഞ്ഞാറുമൂട് സ്വദേശി ശിഹാബുദ്ധീനെ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പിടികൂടിയിരുന്നു. ഉച്ചയോടെ ശിഹാബുദ്ധീനെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഷമീറയുടെ ഭര്‍ത്താവ് നയാസിനെ ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സ്റ്റേഷനിലെത്തിച്ചു. ശിഹാബുദ്ധീനെ കണ്ട നയാസ് അക്രമാസക്തനായി.
ശിഹാബുദ്ധീന്‍റെ നിര്‍ദേശപ്രകാരമാണ് ആധുനിക ചികിത്സ നിഷേധിച്ച് ഷമീറയെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് നയാസിന്‍റെ പ്രതികരണത്തില്‍ നിന്ന് വ്യക്തം. ശിഹാബുദ്ധീന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ശേഷം രണ്ട് പേരെയും കാരയ്ക്കാ മണ്ഡപത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ചികിത്സയ്ക്കായി ഈ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ശിഹാബ് പൊലീസിനോട് സ്ഥിരീകരിച്ചു.