എളിമയുള്ളിടത്താണ് യഥാർത്ഥ സ്നേഹം നിലനിൽക്കുന്നത്: മാർ ജോസഫ് അരുമച്ചാടത്ത്
എളിമയുള്ളിടത്താണ് യഥാർത്ഥ സ്നേഹം നിലനിൽക്കുന്നത് എന്ന് ഭദ്രാവതി രൂപതാ മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത് ഇരട്ടയാറിൽ നടക്കുന്ന ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ മൂന്നാം ദിവസം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സ്വാഭാവികമായ പ്രലോഭനം മുൻപന്തിയിൽ എത്താനും ഒന്നാമതാകാനും ഉള്ളതാണ്. എന്നാൽ എളിമപ്പെട്ട് ചെറുതാകാൻ മനസ്സുള്ളവർക്കാണ് ദൈവ സന്നിധിയിൽ സ്വീകാര്യത ഉള്ളത്. ഈശോയുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നു. ജനനം മുതൽ മരണം വരെയും ഈ ഭൂമിയിലെ ജീവിതം എളമയിലും വിനയത്തിലും ആയിരിക്കാൻ ശ്രദ്ധിച്ചവനാണ് ഈശോ. ഈശോയുടെ പ്രബോധനങ്ങൾ ഉടനീളം ചെറുതാകലിന്റെ പുണ്യമാണ് നിറഞ്ഞുനിൽക്കുന്നത്. മറ്റുള്ളവരെ നമ്മളെക്കാൾ വലിയവരും ശ്രേഷ്ഠരുമായി കാണാനുള്ള ഹൃദയ വിശാലത നമുക്കുണ്ടാകണം. നോമ്പുകാലം ഈശോയുടെ ജീവിതത്തിലെ സുകൃതങ്ങൾ അഭ്യസിക്കുവാനും ഈശോയുടെ ജീവിതത്തോട് താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഒരുക്കത്തിന് നാളുകളാണ്. നോമ്പ് ഹൃദയ പരിവർത്തനത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങൾ നമ്മിൽ നിറയാൻ സഹായകമാകണം എന്നും അദ്ദേഹം പറഞ്ഞു.
ഫാ.ജോസ് നരിതൂക്കിൽ, ഫാ.സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമ്മികന്മാരായിരുന്നു.അണക്കര മരിയൻ ധ്യാനകേന്ദ്ര ഡയറക്ടർ ഫാദർ ഡൊമിനിക് വാളംമനാൽ നയിക്കുന്ന കൺവെൻഷൻ ഞായറാഴ്ചയാണ് സമാപിക്കുന്നത്. നാലാം ദിവസമായ നാളെ മൂന്നു മണി മുതൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. സീറോ മലബാർ സഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ആയിരക്കണക്കിന് വിശ്വാസികളാണ് കൺവെൻഷനിൽ സംബന്ധിക്കുന്നത്.