പഞ്ചാബ് സര്‍ക്കാരിന്റെ ഒരുകോടി നഷ്ടപരിഹാരം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം
പഞ്ചാബ് സര്‍ക്കാരിന്റെ ഒരുകോടി നഷ്ടപരിഹാരം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം . ഖനൗരിയില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണം.
നീതിക്ക് പകരം വയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും കുടുംബം.
ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അംബാലയില്‍ കര്‍ഷകര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന തീരുമാനം ഹരിയാന പൊലീസ് പിന്‍വലിച്ചു. അതിനിടെ, ഇന്ന് വൈകിട്ട് ശംഭുവില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ യോഗം ചേരും.
പഞ്ചാബ് –ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ട ഭട്ടിന്‍ഡ സ്വദേശിയായ യുവകര്ഷകന് ശുഭ്കരണ്‍ സിങ്ങിന്റെ മൃതദേഹം മൂന്നാം ദിനവും ആശുപത്രിയില്‍ തന്നെ. ഹരിയാന പൊലീസ് പഞ്ചാബിന്റെ അധികാര പരിധി കടന്ന് ആക്രമിച്ചുവെന്ന വാദം ആവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകള്‍ നിലപാട് കടുപ്പിക്കുകയാണ്. ഹരിയാന പൊലീസിനെതിരെ കേസെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞ് മൂന്ന് ദിവസമായിട്ടും പുരോഗതിയില്ലാത്തതാണ് കര്‍ഷകരെ പ്രകോപിപ്പിക്കുന്നത്. യുവകര്‍ഷകന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണ് പഞ്ചാബ് സര്‍ക്കാരെന്ന് ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ചിന് നേതൃത്വം നല്കുന്ന കര്‍ഷക സംഘടനകള്‍.
അംബാലയില്‍ കര്‍ഷകര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന തീരുമാനം വിവാദമായതോടെ ഹരിയാന പൊലീസ് പിന്‍വലിച്ചു. എന്നാല്‍, പൊതുമുതലോ സ്വകാര്യ സ്വത്തോ നശിപ്പിക്കപ്പെട്ടാല്‍ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. സമരത്തിനിടെ മൂന്ന് പൊലീസുകാര്‍ മരിച്ചതായും കര്‍ഷകര്‍ സംയമനം പാലിക്കണമെന്നും ഹരിയാന പൊലീസ് അഭ്യര്‍ഥിച്ചു. രാജ്യവ്യാപക കരിദിനം ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനമുണ്ടെങ്കിലും ശംഭുവും ഖനൗരിയും ഇന്ന് ശാന്തമാണ്.