ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; ‘അന്വേഷണത്തിന് ഉത്തരവിട്ടു, ആശങ്കവേണ്ട’: കെ ബി ഗണേഷ് കുമാർ
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി വെസ്റ്റിബ്യൂൾ ബസ് തീ പിടിച്ച് കത്തി നശിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാര്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ടെക്നിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോർ വാഹന ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്നിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോർ വാഹന ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോർട്ട് തരാന്‍ ഉത്തരവിട്ടു. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നു. ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളും. എല്ലാ കെഎസ്ആർടിസി വാഹങ്ങളും പരിശോധിക്കും. എല്ലാ വണ്ടികളും കഴുകും. അതിനുള്ള ചെക്ക് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വണ്ടിയുടെ ഏതൊക്കെ ഭാഗങ്ങൾ കഴുകണമെന്നതുൾപ്പടെ ഇതിൽപ്പറയുന്നുണ്ട്. പഴയ ബസുകളാണ് ഓടുന്നത്. 15 വർഷത്തോളം പഴക്കമുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. പക്ഷേ ഇത്തരത്തിലൊരു പ്രശ്നം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികളെടുക്കും.
കരുനാഗപ്പള്ളി – തോപ്പുംപടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിനാണ് ഇന്ന് തീ പിടിച്ചത്. അപകട സമയത്ത് 54 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ കുറിച്ച് കെഎസ്ആർടിസി വിജിലൻസ് – മെക്കാനിക്കൽ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ട വെസ്റ്റിബ്യൂൾ ബസ് കായംകുളത്ത് എത്തിയതിന് പിന്നാലെയാണ് പുക ഉയർന്നത്. യാത്ര ആരംഭിച്ചതിന് ശേഷം പല തവണ ബസ്സിൽ നിന്നും പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പുക ഉയർന്നതോടെ ദേശീയ പാതയിൽ എംഎസ്എം കോളജിന് സമീപം ബസ് നിർത്തി. യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് നിമിഷങ്ങൾക്കമാണ് തീ ആളിപ്പടർന്നത്. ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.