‘ഒഡീസിയസ്’ ചന്ദ്രനിലിറങ്ങി; അമേരിക്കയ്ക്ക് ചരിത്രനേട്ടം
വാഷിങ്ടൺ: ഒരു സ്വകാര്യ കമ്പനിയുടെ ലാൻഡർ ദൗത്യം ആദ്യമായി ചന്ദ്രനിലിറങ്ങി. യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബോട്ട് ലാൻഡർ ആണ് ചന്ദ്രനിലിറങ്ങിയത്. ഇന്ത്യൻ സമയം പുലർച്ചെ 4.53-നായിരുന്നു ലാൻഡിങ്. ‘അര നൂറ്റാണ്ടിനുശേഷം യുഎസ് ചന്ദ്രനിലേക്ക് മടങ്ങിയെത്തി’യെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ തുടക്കത്തിൽ ദുർബലമായിരുന്നെന്ന് ഇൻട്യൂട്ടീവ് മെഷീൻസിന്റെ ചീഫ് ടെക്നോളജി ഓഫീസർ ടിം ക്രെയ്ൻ പറഞ്ഞു. പിന്നീട് ലാൻഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും ഒഡീസിയസ് ഡാറ്റ അയയ്ക്കാൻ തുടങ്ങിയതായും ഇൻട്യൂട്ടീവ് മെഷീൻസ് പ്രസ്താവനയിൽ അറിയിച്ചു. ചാന്ദ്രപ്രതലത്തിൽ നിന്നുള്ള ആദ്യ ചിത്രം ഡൗൺലിങ്ക് ചെയ്യാനുള്ള ശ്രമത്തിലാണ് എന്നും പ്രസ്താവനയിൽ പറഞ്ഞു.
ഈ മാസം 15നാണ് ഒഡീസിയസ് വിക്ഷേപിച്ചത്. 21ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ലാൻഡ് ചെയ്തശേഷമുള്ള 7 ദിവസം ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, ഭാവിദൗത്യങ്ങൾക്കു സഹായകരമാംവിധം ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കും.