‘ഗംഭീറുമായി അന്ന് ഡ്രസ്സിംഗ് റൂമിൽ വെച്ച് വലിയ വഴക്കുണ്ടായി’; മനോജ് തിവാരി
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും വാർത്തകളിൽ സജീവമായി നിൽക്കുന്ന ആളാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അടുത്തിടെ താരം നടത്തിയ പല പ്രസ്താവനകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓപ്പണറും കെകെആർ സഹതാരവുമായ ഗൗതം ഗംഭീറുമായി ഡ്രസ്സിംഗ് റൂമിൽ നടന്ന വാക്കേറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2013 പതിപ്പിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഗംഭീറിൻ്റെ ക്യാപ്റ്റൻസിയിൽ കളിച്ചപ്പോഴുള്ള സംഭവമാണ് തിവാരി വെളിപ്പെടുത്തിയത്. ‘ഞാൻ കെകെആറിൽ ഉണ്ടായിരുന്ന കാലത്ത് ഗംഭീറുമായി ഡ്രസ്സിംഗ് റൂമിൽ വെച്ച് വലിയ വഴക്ക് ഉണ്ടായി. അതൊരിക്കലും വെളിച്ചത്തു വന്നിട്ടില്ല. 2012ൽ KKR ചാമ്പ്യനായി…ഒരു വർഷം കൂടി KKR നായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. 2013ൽ ഗംഭീറുമായി കലഹിച്ചിരുന്നില്ലെങ്കിൽ 2-3 വർഷം കൂടി ടീമിൽ തുടർന്നേനെ’-തിവാരി പറയുന്നു.
‘ഏതാനും വർഷം കൂടി ടീമിൽ തുടർന്നിരുന്നെങ്കിൽ കരാർ പ്രകാരം എനിക്ക് കിട്ടേണ്ടിയിരുന്ന തുക കൂടുമായിരുന്നു. ബാങ്ക് ബാലൻസ് ഉയരും. പക്ഷെ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല’- തിവാരി തുടർന്നു. 2012ൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 2010 മുതൽ 2013 വരെ തിവാരി ഫ്രാഞ്ചൈസിക്കായി കളിച്ചു. KKR ജഴ്സി ധരിക്കുന്നതിന് മുമ്പ്, തിവാരി ഡൽഹി ഡെയർഡെവിൾസിനായി (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) കളിച്ചിട്ടുണ്ട് (2008ലും 2009ലും).
ഡൽഹി ടീമുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം വെളിപ്പെടുത്തി. ടീമിൽ സെലക്ഷൻ പ്രശ്നങ്ങൾ ഉണ്ട്. ഈ പ്രശ്നങ്ങളെ തുടർന്നാണ് താൻ ഡൽഹി ഡെയർഡെവിൾസ് വിട്ടതെന്നും തിവാര പറഞ്ഞു. ‘ഞാൻ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ ഗാരി കിർസ്റ്റൺ ആയിരുന്നു പരിശീലകൻ. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും പ്ലെയിംഗ് ഇലവൻ ദയനീയമായി പരാജയപ്പെടുന്നത് ഞാൻ നോക്കിനിന്നു. ടീമിൻ്റെ കോമ്പിനേഷൻ ശരിയല്ല. യോഗ്യതയുള്ള താരങ്ങൾക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. പലരും പരിക്കുമൂലം പുറത്തായി. സീസണിൽ ടീമിൻ്റെ ഫലം നല്ലതായിരുന്നില്ല. എന്നെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ പുറത്താക്കാൻ ഞാൻ നേരിട്ട് മാനേജ്‌മെൻ്റിൻ്റെ അടുത്ത് ചെന്ന് പറഞ്ഞു’- അദ്ദേഹം കൂട്ടിച്ചേത്തു.