തമിഴ്നാട് വനത്തിൽ പാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം


ഇടുക്കി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പാസ്റ്ററുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് നിവേദനം.
ജനുവരി 12നാണ് കേരള – തമിനാട് അതിർത്തിയിലെ മന്തിപ്പാറ വനത്തിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി.മൃതദേഹം കണ്ടെത്തിയത് തമിഴ്നാട് കമ്പം സൗത്ത് പൊലീസിൻ്റെ പരിധിയിലായതിനാൽ വിവരം അവരെ അറിയിച്ചു.തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.ലാവണ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.
കേരള – തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ മൃതദേഹം മന്തിപ്പാറ വയലാർ നഗർ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായിരുന്ന പത്തനംതിട്ട തിരുവല്ല മേപ്രാൽ സ്വദേശി പി വി എബ്രാഹാമിൻ്റെതാണെന്ന് കണ്ടെത്തി.
തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാസ്റ്റർ എബ്രഹാമിന് ആത്മഹത്യ ചെയ്യേണ്ട പ്രശ്നങ്ങളില്ലെന്നും ചെറിയ കട ബാധ്യത മാത്രമെയുള്ളുവെന്നും ബന്ധുക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ പാസ്റ്റർ എബ്രാഹാമിൻ്റെ മരണത്തിൽ അസ്വാഭാവികതയുണ്ട്. ഈ സാഹചര്യത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് റവല്യൂഷണറി യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റ് അജോ കുറ്റിക്കർ ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് സുരേഷ് കാളാശേരി എന്നിവർ തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഉത്തംപാളയം സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും നിവേദനം നലികിയിട്ടുണ്ട്.