വന്യജീവി ആക്രമണം: ഗവർണർ ഇടപെടണം, സർക്കാർ ഇടപെടലുകൾ കാര്യക്ഷമമല്ല; മാനന്തവാടി രൂപത


കൽപ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിന്തുണ ആവശ്യപ്പെട്ട് മാനന്തവാടി രൂപത. വയനാട്ടിലെ വന്യജീവി ആക്രമണം ലോകത്തെ അറിയിച്ചതിൽ മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചു. വയനാട്ടിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്. സർക്കാർ ഇടപെടലുകൾ കാര്യക്ഷമമല്ല. പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതിൽ മാനന്തവാടി രൂപത പ്രതിഷേധം അറിയിക്കുന്നുവെന്നും വ്യക്തമാക്കി. വനനശീകരണമാണ് വയനാട്ടിലെ വന്യജീവി ആക്രമണത്തിനു പ്രധാനകാരണം. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വിഷയത്തിൽ ഗവർണർ ഇടപെടണമെന്നും മാനന്തവാടി രൂപത ആവശ്യപ്പെട്ടു.
അതേസമയം, വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സര്‍വ്വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നാളെ രാവിലെ ബത്തേരി മുനിസിപ്പല്‍ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ചാണ് യോഗം നടക്കുക.
രാവിലെ പത്ത് മണിയ്ക്ക് സര്‍വ്വ കക്ഷിയോഗവും 11.30 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പുമാണ് നടക്കുക. സര്‍വ്വകക്ഷി യോഗത്തിൻ്റെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കാന്‍ കഴിയണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് മന്ത്രി പ്രതികരിച്ചു.