വേനലിന്റെ കാഠിന്യം വര്‍ദ്ധിച്ചു; അഴുതയാറും വറ്റിവരണ്ടു
പീരുമേടിലെ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ജല സ്രോതസായ അഴുതയാർ ഉണങ്ങി വറ്റിവരണ്ടു. ഇതോടെ അഴുത ആറുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികള്‍ എല്ലാം പ്രതിന്ധിയിലായി.
നിലവില്‍ ആറിന്റെ വിവിധ ഭാഗങ്ങളിലെ ചെറിയ കയങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളം അവശേഷിക്കുന്നത്. പലസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കിടന്ന് വെള്ളത്തിന് നിറമാറ്റം ഉണ്ടായിട്ടുണ്ട്. പീരമേട് പ്രദേശത്തെ ജനങ്ങള്‍ നിത്യവും ഉപയോഗിക്കുന്നത് അഴുതയാറിലെ വെള്ളമായിരുന്നു. തൊട്ടടുത്ത കുളങ്ങളിലും കിണറിലും വെള്ളം ഇല്ലാതായി.
വേനല്‍ കൂടിയതോടെ ആറിലെ വെള്ളത്തിന്റെ അളവും കുറഞ്ഞ് ഒഴുക്കും ഇല്ലാതായി. ഒരോ ദിവസം കഴിയുന്തോറും വെയിലിന്റെ കാഠിന്യം കൂടി വരികയാണ്. ഇതോടെ ജലസമൃദ്ധമായ ആറുകളും തോടുകളും ആരുവികളുമെല്ലാം വറ്റിവരണ്ടു. പാറകല്ലുകളും മണലും തെളിഞ്ഞ് കാണാൻ കഴിയും.
അഴുതയാറുമായി ബന്ധപ്പെട്ട് നിരവധി കുടിവെള്ള പദ്ധതികള്‍ ഉണ്ട്. ഇവയുടെ പ്രവർത്തനങ്ങളെല്ലാം മുടങ്ങുന്ന സ്ഥിതിയാണ്. കുളിക്കുന്നതിനും അലക്കുന്നതിനും ആറിനെ ആശ്രയിക്കുന്നവരും പ്രതിന്ധിയിലായി. വെള്ളം വറ്റിയതോടെ ആറിന്റെ വിവിധ മേഖലകളില്‍ മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. ചില മാലിന്യങ്ങള്‍ വെള്ളമുള്ള കയങ്ങളില്‍ കിടക്കുന്നുണ്ട്. ഇത് വെള്ളം മലിനമാകാനിടയാകുന്നു. വേനല്‍ മഴ ലഭിക്കാതായാല്‍ അഴുതയാർ പൂർണ്ണമായും വറ്റിവരളും.