കഞ്ഞിക്കുഴിയില്‍ വൻ കഞ്ചാവ് വേട്ട
ആന്ധ്രയില്‍നിന്നു കഞ്ചാവ് കൊണ്ടുവന്നു കേരളത്തില്‍ വില്പന നടത്തുന്ന ഇടുക്കിയിലെ മൊത്ത വില്പനക്കാരനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.കൊന്നത്തടി പഞ്ചായത്തിലെ മുതിരപ്പുഴ സ്വദേശി കാവനാല്‍ ശ്യാം(41) ആണ് അറസ്റ്റിലായത്.
ഇയാളില്‍നിന്നു 3.52 കിലോ കഞ്ചാവ് പിടികൂടി. ചേലച്ചുവട് പെരിയാർവാലി ഭാഗത്തുനിന്നു കാറില്‍ വരുന്ന വഴി വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. ആഡ്ര, ഒറീസ സംസ്ഥാനങ്ങളില്‍നിന്നു ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവു കൊണ്ടുവന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തുന്ന കണ്ണികളില്‍ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വിശാഖപട്ടണം, എറണാകുളം, കോട്ടയം ജില്ലകളിലും ഇടുക്കിയില്‍ വെള്ളത്തൂവല്‍, മുരിക്കാശേരി, തൊടുപുഴ തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. എറണാകുളം റോഞ്ച് ഡിഐജിയുടെ പരിശോധനയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നതിന് ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രിദിപ് നിർദേശം നല്‍കിയിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ആന്റി നർകോട്ടിക് സ്പെഷല്‍ ആക്ഷൻ ഫോഴ്സും ഇടുക്കി സബ് ഡിവിഷൻ ഡിവൈഎസ്പി സജു വർഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ഞിക്കുഴി എസ്എച്ച്ഒ കെ.എ. ഷിബിൻ, എസ്ഐമാരായ കെ.പി. സിദ്ദിഖ്, എ.എച്ച്. ഉബെയ്സ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്ഐ ചന്ദ്രബോസ്, ഡിജി കെ. വർഗീസ്, എഎസ്ഐമാരായ ശ്രീദേവി, അജിത്കുമാർ, സുനില്‍ കുമാർ, എസ് സിപിഒ കെ.ആർ. അനീഷ്, ജയേഷ്, ആന്റി നർക്കോട്ടിക് സ്പെഷല്‍ ആക്ഷൻ ഫോഴ്സ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.