‘വിശ്വാസം’ തെളിയിച്ച് കെജ്‌രിവാൾ സർക്കാർ; ശബ്ദ വോട്ടോടെ വിശ്വാസ പ്രമേയം നിയമസഭ പാസാക്കി
ഡൽഹി: ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ വിജയം. ശബ്ദ വോട്ടോടെ വിശ്വാസ പ്രമേയം നിയമസഭ പാസാക്കി. 70 അംഗ നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരാണുള്ളത്.
മദ്യ നയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഓൺ ലൈനായി കോടതിയിൽ ഹാജരായി. ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഹാജരായത്. മദ്യനയ അഴിമതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല എന്ന് കാണിച്ച് ഇഡി നൽകിയ ഹർജിയിലാണ് കെജ്‌രിവാൾ ഹാജരായത്. നിയമസഭയിൽ ബജറ്റ് സമ്മേളനവും വിശ്വാസ വോട്ടെടുപ്പും നടക്കുന്നതിനാലാണ് നേരിട്ട് ഹാജരാവാത്തതെന്ന് കെജ്‌രിവാൾ കോടതിയെ അറിയിച്ചു.
മാർച്ച് 16 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. അന്നേ ദിവസം കോടതിയിൽ ഹാജരാകുമെന്ന് അരവിന്ദ് കെജ്‌രിവാളിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് അഞ്ച് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഇഡി കോടതിയെ സമീപിച്ചത്.