ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന് പോകും, നീറ്റു പരീക്ഷക്ക് തിളക്കമുള്ള ജയംനേടി,
അര്‍ച്ചന ഇനി ഡോക്ടറാകും
അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു അർച്ചന ഇതുവരെ. ഇനി ഈ മിടുക്കി ചികിത്സിക്കാൻ പഠിക്കും. മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജു മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. എസ്.ടി. വിഭാഗത്തിൽ 24-ാം റാങ്കോടെയാണ് ഈ പെൺകുട്ടി നീറ്റ് പരീക്ഷ പാസായത്.
കുട്ടൻപുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷൻ ഫോറസ്റ്റർ ബൈജു അയ്യപ്പന്റെ മകളാണ് അർച്ചന. ചെറുപ്പംമുതൽ പഠിക്കാൻ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതൽ ആഗ്രഹം. വീട്ടുകാരും അർച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടർന്ന്, കോതമംഗലത്തും. കൂമ്പൻപാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാർക്ക്. തുടർന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം.
ഇതിനിടെയാണ് അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനു പോയാലോ എന്ന ആശയം വരുന്നത്. തുടർപഠനത്തിന് അത് സഹായകരമാകുമെന്ന് കരുതി. തുടർന്ന്, തൊഴിൽ കാർഡിൽ പേരുചേർത്ത് ജോലിക്കു പോയിത്തുടങ്ങി. രാത്രി മണിക്കൂറുകളോളം പഠിക്കും. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിനു പോകും. ഒടുവിൽ നീറ്റിൽ സ്വർണത്തിളക്കമുള്ള ജയം നേടിയ
വിദ്യാർഥിനിയാണ് അർച്ചന. അർച്ചനയുടെ ചേച്ചി കോഴിക്കോട്ട് ഫിസിയോ തെറാപ്പിയിൽ മാസ്റ്റർ ഡിഗ്രി വിദ്യാർഥിനിയാണ്