ചൂട് കൂടിയതോടെ തലപൊക്കി പകര്‍ച്ചവ്യാധികള്‍
വേനല്‍ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്തതോടെ പല പകർച്ച വ്യാധികളും ജില്ലയില്‍ തലപൊക്കിത്തുടങ്ങി. ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് വേനലിനൊപ്പം ജില്ലയില്‍ തലയുയർത്തിയ പ്രധാന രോഗങ്ങള്‍.
രണ്ടാഴ്ചയ്ക്കിടെ രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേർക്ക് രോഗം സംശയിക്കുന്നുണ്ട്. ഈ മാസം 16 പേർക്കാണ് ചിക്കൻപോകസ് സ്ഥിരീകരിച്ചത്. പനി, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങളില്‍ തുടങ്ങി ദേഹത്ത് കുമിളകള്‍ ഉണ്ടാകുമ്ബോഴാണ് പലരും ഈ രോഗം തിരിച്ചറിയുന്നത്. മഞ്ഞപ്പിത്തവും കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ജില്ലയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറല്‍ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. പത്ത് ദിവസത്തിനിടെ 2543 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത്.
വേനല്‍ കാലത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിനു പിന്നില്‍ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകള്‍ തന്നെയാണ് പ്രധാന കാരണം. മുറ്റത്തും പറമ്ബിലുമെല്ലാം വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയെല്ലാം കൊതുകുകള്‍ പെരുകുന്നത് തടയും. വരള്‍ച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ അഭാവം മൂലം വയറിളക്ക രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.
വേണം കരുതല്‍
കുടിക്കുന്നതിനും ആഹാരം പാകം ചെയ്യുന്നതിനുമെല്ലാം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. ഹെപ്പറ്റൈറ്റിസ് എയ്ക്കും, വയറിളക്ക രോഗങ്ങള്‍ക്കുമെല്ലാം പ്രധാനകാരണമെന്നതും ശുദ്ധജലത്തിന്റെ അഭാവമാണ്.
പഴവർഗ്ഗങ്ങള്‍ ധാരാളം കഴിക്കണം. ചൂട് കൂടിയതിനാല്‍ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ധാരാളം വെള്ളം കുടിയ്ക്കുക. കരിക്ക്, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയെല്ലാം ക്ഷീണം കുറയ്ക്കാൻ സഹായിക്കും.
സൂര്യാഘാതം ജില്ലയില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർച്ചയായി വെയിലത്ത് നിന്ന് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏല്‍ക്കാൻ സാധ്യതയുണ്ട്. അതിനാല്‍ അധികം വെയിലുകൊള്ളാതെ ശ്രദ്ധിക്കണം. മാത്രമല്ല എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടൻ ചികിത്സ തേടണം.