വൈക്കോൽ കയറ്റിയ ടിപ്പറിന് തീപിടിച്ചു; രക്ഷയായത് ആർ ആർ ടീ ടിമിന്റെ ഇടപെടൽ
പാലക്കാട് : വൈക്കോൽ കയറ്റിവന്ന ടിപ്പറിന്
അർദ്ധരാത്രിയിൽ തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ഈ സമയം ഇതുവഴിയെത്തിയ പുതുർ ആർ ആർ ടി ടീമിൻ്റെ സമയോജിത ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവായത്.
ഇവരുടെ ഇടപെടൽ മൂലം വാഹനത്തെയും അകത്തുണ്ടായിരുന്ന 6 പേരെയും രക്ഷപ്പെടുത്താനായി.ആലത്തൂരിൽനിന്നു വൈക്കോൽ കയറ്റി പുതൂർ ഭാഗത്തെ സ്വകാര്യ കാലിഫാമിലേക്ക് വരികയായിരുന്ന ടിപ്പറിനാണ് തീ പിടിച്ചത്.
കാട്ടാന ഇറങ്ങി എന്ന വിവരത്തെ തുടർന്ന് പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും ബൊമ്മിയാംപടി ഭാഗത്തേക്കു പോവുകയായിരുന്നു ആർആർടി സംഘം.
അതേസമയം ലോറിക്ക് തീ പിടിച്ചതറിഞ്ഞ് ലോറിയിലുണ്ടായിരുന്ന 3 പേർ ലോറിയിൽ നിന്ന് ചാടി രക്ഷപ്പെടുകയും ഡ്രൈവറും വണ്ടിയിൽ ഉണ്ടായിരുന്ന മറ്റ് 2 പേരും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോവുകയുമായിരുന്നു.
വിജനമായ റോഡിൽ കാട്ടാന ഇറങ്ങുന്ന സ്ഥലത്ത് വാഹനത്തിന് തീ പിടിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ കണ്ടുനിന്ന ആളുകളുടെയും ആശങ്ക വർധിപ്പിച്ചു.
ഒടുവിൽ ടിപ്പറിന്റെ പിൻഭാഗം പൊക്കിയ ശേഷം ഡ്രൈവർ വാഹനം മുന്നോട്ട് ഓടിക്കുകയും വൈക്കോൽ റോളുകൾ ആർ ആർ ടി സംഘമുൾപ്പെടെ വലിച്ച് താഴെ ഇടുകയും ചെയ്തത് മൂലം വലിയ രീതിയിലുള്ള ഒരു ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് റോഡുകളിൽ ഉടനീളം കത്തുന്ന വൈക്കോൽ റോളുകൾ നാട്ടുകാരും ഫയർഫോഴ്സും എത്തി റോഡിൽ നിന്ന് നീക്കം ചെയ്‌താണ് ഗതാഗതം പഴയെ പടിയായി പുനർസ്ഥാപിച്ചത്.