‘പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുമായി സംസാരിക്കണം’; കർഷകർ അതിർത്തിയില്‍, പഞ്ചാബില്‍ ട്രെയിന്‍ തടയല്‍


ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്നു. സമവായം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചണ്ഡീഗഢില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കണമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട്, പീയുഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവരാണ് ചര്‍ച്ചക്കെത്തുന്നത്.
കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള നാലാമത്തെ ചര്‍ച്ചയാണ് ഇന്ന് നടക്കുക. കര്‍ഷക പ്രതിഷേധങ്ങളില്‍ എത്രയും വേഗം സമവായം ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാരും ആഗ്രഹിക്കുന്നത്. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി തുടരുകയാണ്. ഇന്ന് വലിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ഇടങ്ങളില്‍ കര്‍ഷക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ വിഭാഗം നേതാവും മലയാളിയുമായ റോജര്‍ സെബാസ്റ്റ്യനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ടുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗത്തിന്റെ പ്രതിഷേധം ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാജ്യവ്യാപക പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.