‘ഉയർച്ച താഴ്ചയിലും ദുഷ്കരമായ പാതയിലും നിങ്ങൾ താങ്ങായി’: റായ്ബറേലിയിലെ ജനങ്ങൾക്ക് സോണിയയുടെ കത്ത്
ആരോഗ്യപ്രശ്നങ്ങളും പ്രായക്കൂടുതലും കാരണമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തൻ്റെ ഹൃദയം റായ്ബറേലിയിലെ ജനങ്ങളോടൊപ്പമുണ്ടാകും. ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലൂടെയും ദുഷ്കരമായ വഴികളിലും ജനങ്ങൾ താങ്ങായി നിന്നുവെന്നും സോണിയ. റായ്ബറേലിയിലെ ജനങ്ങൾക്ക് അയച്ച കത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
റായ്ബറേലിയിലെ ജനങ്ങളെ കൂടാതെ തന്റെ കുടുംബം അപൂർണ്ണം. റായ്ബറേലിയുമായുള്ള കുടുംബത്തിൻ്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധിയെ റായ്ബറേലി വിജയിപ്പിച്ചു. അദ്ദേഹത്തിന് ശേഷം ഇന്ദിരാഗാന്ധിയെ ഏറ്റെടുത്തു. അന്നുമുതൽ ഇന്നുവരെ, ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലൂടെയും ദുഷ്‌കരമായ പാതകളിലൂടെയും സഞ്ചരിക്കുമ്പോൾ റായ്ബറേലി തങ്ങൾക്കൊപ്പം നിലകൊണ്ടു- സോണിയ ഗാന്ധി.
മുൻകാല നേതാക്കൾ തെളിച്ച പാതയിലൂടെ സഞ്ചരിക്കാൻ നിങ്ങൾ എനിക്ക് അവസരം നൽകി. എൻ്റെ അമ്മായിയമ്മയെയും എൻ്റെ ജീവിത പങ്കാളിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ട ശേഷം, ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നു, നിങ്ങൾ എന്നെ ചേർത്തുപിടിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വിഷമകരമായ സാഹചര്യങ്ങളിലും പാറപോലെ നിങ്ങൾ എന്നോടൊപ്പം നിന്നത് ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് ഞാൻ എന്തായിരുന്നാലും അത് നിങ്ങൾ കാരണമാണെന്ന് അഭിമാനിക്കുന്നു-സോണിയ കുറിച്ചു.