തൊടുപുഴ മുട്ടത്ത് കുടിവെള്ളത്തിൽ ഓയിൽ സാന്നിധ്യം;ജലവിതരണം നിർത്തി വയ്ക്കാൻ കളക്ടറുടെ നിർദ്ദേശം
അനവധി കുടുംബങ്ങൾ കുടിവെള്ളമായി ഉപയോഗിക്കുന്ന ജലത്തിൽ ഓയിൽ സാന്നിധ്യം. തൊടുപുഴ മുട്ടത്തെ കണ്ണാടിപ്പാറ – കരിക്കനാംപാറ ഭാഗത്തേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ഓയിൽ സാന്നിധ്യം ഉള്ളത്.വെള്ളം പമ്പ് ചെയ്യുന്നത് പോളിടെക്നിക് കോളേജിന് സമീപത്തെ കിണറ്റിലെ വെള്ളത്തിൽ ഓയിൽ പരന്നു കിടക്കുകയാണ്. ഈ വെള്ളത്തിലേക്ക് ക്ലോറിൻ മാത്രം ഒഴിച്ചാണ് വിതരണം ചെയ്യുന്നത്.അനവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ കിണർ വെള്ളത്തിന് ശുചിത്വം ഇല്ല എന്ന് മുൻപും പരാതി ഉയർന്നിട്ടുള്ളതാണ്. എന്നാൽ നടപടി ഉണ്ടായിട്ടില്ല.വെള്ളം ശുചീകരിച്ച് വിതരണം ചെയ്യാൻ വാട്ടർ അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മുട്ടം കണ്ണാടിപ്പാറ- കരിക്കാനമ്പാറ ഭാഗത്തേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ എണ്ണ കലർന്നതായി പരാതി ഉയർന്നതിനെതുടർന്ന് ജലവിതരണം അടിയന്തരമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്‌ടർ നിർദേശം നൽകിയിട്ടുണ്ട്