തോട്ടം മേഖലയില്‍ കഞ്ചാവ് വില്പന വ്യാപകം: പൊലീസ് റെയ്ഡ് ശക്തമാക്കി
കഴിഞ്ഞ ദിവസം മേഖലയില്‍ പിടികൂടിയത് രണ്ട് കിലോഗ്രാമോളം കഞ്ചാവാണ്.സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കഞ്ചാവ് വില്പന നടത്തുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം താഴെ വണ്ടന്മേട് ഭാഗത്ത് നിന്ന് കാറിൽ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് വണ്ടന്മേട് പ്രിൻസിപ്പൽ എസ്.ഐ: എബി പി. മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയിരുന്നു. പിടിയിലായ മുരിക്കാശ്ശേരി സ്വദേശി പുളപ്പുകല്ലുങ്കൽ വീട്ടിൽ സന്തോഷ് ലഹരിസംഘത്തിന്റെ പ്രധാനിയാണ്. ഇയാളാണ് ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. സന്തോഷ് വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം തോട്ടം മേഖലയില്‍ വന്‍തോതില്‍ പാന്‍മസാല റെയ്ഡ് പൊലീസ് നടത്തിയിരുന്നു. ഇത് കിട്ടാതായപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം.
ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വില്പന ഇപ്പോള്‍ തകൃതിയായി പ്രദേശത്ത് നടക്കുന്നത്.
തമിഴ്‌നാട്ടിലെ കമ്പം, തേനി മേഖലകളില്‍ നിന്നുമാണ് ഇടുക്കിയിൽ കഞ്ചാവ് എത്തുന്നത്. കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ കിഴക്കന്‍മേഖല ലക്ഷ്യമാക്കി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കുമളിവഴിയുള്ള കഞ്ചാവ് കടത്ത് ഒരു പരിധിവരെ നിയന്ത്രിച്ചതിനാലാണ് ഏജന്റുമാര്‍ കമ്പംമെട്ട് കേന്ദ്രമാക്കി കഞ്ചാവ് കടത്ത് ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് കടത്തുവാനും വില്പന നടത്തുവാനും വനിതാ ഏജന്റുമാരും രംഗത്ത് സജീവമാണ്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ചതുപ്പ് നിലങ്ങളിലും പാറക്കെട്ടുകള്‍ക്ക് ഇടയിലും കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു.