സാംസ്കാരിക വകുപ്പിൻ്റെ ജില്ലാതല ക്വിസ് മത്സരം
കട്ടപ്പന: വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ലഹരി ഉപേക്ഷിക്കാം ജീവിതം ആസ്വാദ്യകരമാക്കാം എന്ന സന്ദേശവുമായി കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഒരു വർഷം നീണ്ടു നിന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായിട്ടായിരുന്നു മത്സരം. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50-ഓളം വിദ്യാർത്ഥികളാണ് കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രചരണം, ചിത്രരചനാ മത്സരം , നൃത്താവിഷ്കാരം എന്നിവയും നടത്തിവരുന്നതായി സാംസ്കാരിക വകുപ്പ് ജില്ലാ കോർഡി നേറ്റർ എസ്. സൂര്യലാൽ പറഞ്ഞു.ക്വിസ് മത്സരത്തിൽ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനക്കാർക്കും മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മൊമെൻ്റോയും വിതരണം ചെയ്യും. കൂടാതെ കഴിഞ്ഞ ഒരു വർഷക്കാലം മികച്ച ലഹരി വിരുദ്ധ പ്രോഗ്രാമുകൾ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലബ് കോർഡിനേറ്റർമാർക്കും പുരസ്കാരങ്ങൾ നൽകുമെന്നും വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഭാരവാഹികൾ പറഞ്ഞു.