മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി സമരം ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭമായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി സമരം ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭമായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ.
എൽഡിഎഫ് ഐക്യദാർഢ്യ ബഹുജന സദസ് കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐസിസി പ്രസിഡന്റ് മല്ലികാർജുന ഗാർഗെ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കബിൽ സിബൽ, എഎപി മുഖ്യമന്ത്രിമാർ തുടങ്ങിയവരെല്ലാം പിന്തുണച്ചതോടെ പ്രതിപക്ഷ സമരമായി മാറി. സമരത്തെ തള്ളിയ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുടെ ബി ടീമാണെന്നത് അടിവരയിടുന്നു. ഇവർ സംഘപരിവാറിനെതിരെ സംസാരിക്കില്ല. കർണാടക സർക്കാർ നടത്തിയ സമരത്തിൽ പോലും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പങ്കെടുത്തില്ല. ബിജെപി ഇതര സംസ്ഥാനങ്ങളെ സാമ്പത്തിക ഉപരോധത്തിലൂടെ ഞെരുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കാനാണ് കേന്ദ്ര നീക്കം. 150 ലക്ഷം കോടിയിലേറെ കടമുള്ള കേന്ദ്ര സർക്കാരാണ്, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ചോദ്യം ചെയ്യുന്നത്. കേന്ദ്രം പുതുതായി പുറത്തിറക്കുന്ന ഭാരത് അരി ലോക്‌സഭ തെരഞ്ഞെടുപ്പിൽ പോളിങ് അവസാനിക്കുന്നതോടെ നിർത്തുമെന്നും കെ കെ ജയചന്ദ്രൻ കുറ്റപ്പെടുത്തി. യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി വി ആർ ശശി അധ്യക്ഷനായി. നേതാക്കളായ എം സി ബിജു, ടോമി ജോർജ്, റെജി മുക്കാട്ട്, കെ വൈ ജോയി, ടെസിൻ കളപ്പുര, തങ്കച്ചൻ വാലുമ്മേൽ തുടങ്ങിയവർ സംസാരിച്ചു