ലോക്ഡൗൺ കാലത്ത് പിടികൂടിയത് 128 കിലോ പഴകിയ മീൻ
ലോക്ഡൗൺ കാലയളവിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയതു 128 കിലോ പഴകിയ മീൻ. മേയ് മാസം മാട്ടുക്കട്ട, കട്ടപ്പന ഭാഗങ്ങളിൽ നിന്നായി 58 കിലോ പഴകിയ മത്സ്യം പിടികൂടി. തൊടുപുഴ മേഖലയിൽ നിന്ന് 8 കിലോയും പിടിച്ചെടുത്തു. ഇതിനു പുറമേ ഇറച്ചിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്നു മാട്ടുക്കട്ടയിലെ മാംസ വ്യാപാര ശാലയ്ക്കെതിരെ നടപടിയെടുത്തു. തൊടുപുഴ, കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ നിന്ന് ജൂൺ മാസം ഇതുവരെ 62 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
പഴകിയ മത്സ്യം വിൽക്കുന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകൾ നടത്തിവരികയാണ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റതിനു മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞമാസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി എടുത്തിരുന്നു. ഇവരിൽ നിന്ന് 8000 രൂപ പിഴയീടാക്കി. കുമളി, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തി പാൽ, പച്ചക്കറികൾ എന്നിവയുടെ സാംപിളുകൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
കാർബൈഡിന്റെ സാന്നിധ്യമുണ്ടോ എന്നു പരിശോധിക്കാൻ മാങ്ങയുടെ സാംപിളുകളും ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫിസർമാരായ ആൻമേരി ജോൺസൺ, എം.എൻ. ഷംസിയ, ബൈജു പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.