നാട്ടുവാര്‍ത്തകള്‍
40 ലീറ്റർ ചാരായവും 450 ലീറ്റർ കോടയും; റിസോർട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടയിൽ നടത്തിപ്പുകാരനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
മൂന്നാർ∙ റിസോർട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടയിൽ നടത്തിപ്പുകാരനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. 40 ലീറ്റർ ചാരായവും 450 ലീറ്റർ കോടയും 8000 രൂപയും പിടിച്ചെടുത്തു.പള്ളിവാസൽ ചിത്തിരപുരത്ത് റിസോർട്ട് നടത്തിപ്പുകാരൻ പത്തനംതിട്ട കലഞ്ഞൂർ കളിയിക്കൽ വീട്ടിൽ ആർ.വിജയൻ (44) ആണ് അറസ്റ്റിലായത്. ഇടുക്കി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിൽ മൂന്നാർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് റിസോർട്ടിനുള്ളിൽ വച്ച് ചാരായം വാറ്റി കൊണ്ടിരുന്ന ഇയാളെ പിടികൂടിയത്.
വിജയനെ ദേവികുളം കോടതിയിൽ ഹാജരാക്കി. ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എസ്.ബാലസുബ്രമണ്യൻ, പ്രിവന്റീവ് ഓഫിസർമാരായ സി.സി. സാഗർ, രാധാകൃഷ്ണൻ പി.ജി., ജയൻ പി ജോൺ , ബിജു മാത്യു, സിഇഒമാരായ എ. ജോൺസൻ, അനീഷ് , ഗോകുൽ കൃഷ്ണൻ, മനീഷമോൻ , എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.