‘കസേരയെടുത്ത് അടിച്ചുവെന്ന് പറയാമായിരുന്നല്ലോ’; പാർട്ടി യോഗത്തിൽ വിമർശനമെന്ന വാർത്ത തള്ളി റിയാസ്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തനിക്കെതിരെ വിമർശനമുയർന്നുവെന്ന വാർത്തകൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. അസംബന്ധ വാർത്തയാണെന്ന് എം വി ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് തനിക്കും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാർത്ത അസംബന്ധമാണ്. കുറച്ചു കൂടി കളർ ഫുൾ ആയി കൊടുക്കാമായിരുന്നു. കസേരയെടുത്ത് പൊക്കി റിയാസിനെ അടിച്ചു, എന്നിട്ടും അത്ഭുതമായി രക്ഷപ്പെട്ടു എന്ന് കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സ്മാര്‍ട് സിറ്റി റോഡ് വിവാദത്തില്‍ റിയാസിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയർന്നുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. നേതാക്കളെ സംശയത്തില്‍ നിര്‍ത്തുന്ന മന്ത്രിയുടെ പരാമര്‍ശം അപക്വമാണ്, പ്രതികരണങ്ങളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നുവെന്നുമാണ് ലഭിച്ച വിവരം. എന്നാൽ ഇത്തരം വിമർശനങ്ങൾ ഉയർന്നുവെന്നതിനെ തള്ളിക്കളയുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടി.
റോഡ് തകര്‍ന്നതിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ പരാതി ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിമർശിച്ച് റിയാസ് രംഗത്തെത്തിയിരുന്നു. പൊതുയോഗത്തിലെ റിയാസിന്റെ പ്രതികരണത്തില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. താന്‍ ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളെയോ ആയിരുന്നില്ലെന്ന പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായത്.