മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍
മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍. ഭരണഘടനയുടെ അനുഛേദം 21ന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ക്രിമിനല്‍ മാനനഷ്ട നടപടികള്‍ അനിവാര്യമാണെന്നാണ് നിയമ കമ്മിഷന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തെ ഭാരതീയ ന്യായ സംഹിതയായി പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം നിയമ കമ്മിഷന്റെ മുന്നിലെത്തിയത്. ഭാരതീയ ന്യായ സംഹിതയില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ശിക്ഷകളില്‍ കൂലിയില്ലാത്ത സാമൂഹ്യസേവനവും ഉള്‍പ്പെടുത്തിയിരുന്നു. ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് സമ്പാദിക്കുന്ന അന്തസ് നിമിഷങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് നിയമ കമ്മീഷന്‍ വ്യക്തമാക്കി. ക്രിമിനല്‍ മാനനഷ്ട നടപടികള്‍ തുടരുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന പക്ഷം തെറ്റാണ്. പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സമൂഹത്തോടും തെറ്റ് ചെയ്യുന്നു. അപകീര്‍ത്തിപ്പെടുത്തലും അഭിപ്രായസ്വാതന്ത്ര്യവും രണ്ടാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തി ധനസമാഹരണം നടത്തുന്നത് ഗുരുതര വെല്ലുവിളിയാണെനിനും നിയമകമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് നിരീക്ഷണങ്ങള്‍. 2017 ഓഗസ്റ്റില്‍ കേന്ദ്ര നിയമ മന്ത്രാലയം അപകീര്‍ത്തി നിയമം പരിഷ്‌കരിക്കാന്‍ നിയമ കമ്മിഷനെ ചുമതലപ്പെടുത്തുകയായിരുന്നു.