ചൂട് കനത്തു തുടങ്ങി, ശീതളപാനീയങ്ങള്‍ക്ക് പ്രിയമേറി: ഇങ്ങനെ പോയാല്‍ വെന്തുരുകും


കനത്ത ചൂടില്‍ ജനങ്ങള്‍ വലയുന്നു. പകല്‍സമയങ്ങളില്‍ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് നഗര മേഖലകളിലാണ് ചൂട് ജനങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നത്.
ഏപ്രില്‍, മെയ് മാസത്തോടെയാണ് സാധാരണയായി കഠിനമായ ചൂടില്‍ ജനങ്ങള്‍ വലയുന്നതെങ്കിലും ഇപ്പോള്‍ നേരത്തേതന്നെ സഹിക്കാനാവാത്ത ചൂടാണ് നാട്ടിലെങ്ങും അനുഭവപ്പെടുന്നത്. പുലർച്ചെ ചെറിയ തോതില്‍ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും സൂര്യൻ ഉദിക്കുന്നതോടെ വേനല്‍ച്ചൂടിന്‍റെ കാഠിന്യമേറുന്നു. ലോറേഞ്ചിനു പുറമേ ഹൈറേഞ്ചിലും ചൂട് അധികരിച്ചു തുടങ്ങി.
വേനല്‍ അധികരിച്ചതോടെ ശീതളപാനീയങ്ങള്‍, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ക്കും എസി, ഫ്രിഡ്ജ് , ഫാൻ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും വില വർധിച്ചിട്ടുണ്ട്. സാധാരണ ശീതള പാനീയ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കു പുറമേ വലിയ തോതില്‍ വഴിയോര കച്ചവടവും തകൃതിയായിട്ടുണ്ട്.
കരിക്ക്, കുലുക്കി സർബത്ത്, ഐസ്ക്രീം, സംഭാരം എന്നിവയാണ് വഴിയോരങ്ങളില്‍ കൂടുതലായി വില്‍പ്പനയ്ക്കുള്ളത്. ഇതിനു പുറമേ വിവിധ തരം ജ്യൂസുകള്‍, ഷേയ്ക്കുകള്‍, ഫലൂഡ തുടങ്ങി ഉള്ളു തണുപ്പിക്കാനുള്ള ഒട്ടേറെ ഉത്പന്നങ്ങളാണ് കടകളില്‍ ഇപ്പോള്‍ വൻ തോതില്‍ വില്‍ക്കപ്പെടുന്നത്. പലരും കുടുംബസമേതമാണ് ജ്യൂസ് പാർലറുകളിലേക്കും ശീതള പാനീയ കടകളിലേക്കും എത്തുന്നത്. തണുപ്പിച്ച കുപ്പിവെള്ളത്തിനും വില്‍പ്പന കൂടി.
വേനല്‍ക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ ശീതളപാനീയ കടകളില്‍ നടത്തുന്ന പതിവു പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ല. ബോട്ടിലുകളിലും മറ്റുമുള്ള ശീതളപാനീയങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വഴിയോരക്കടകളില്‍ ശുദ്ധമായ വെള്ളത്തിലാണോ ശീതളപാനീയങ്ങള്‍ തയാറാക്കുന്നതെന്നും നിരീക്ഷിക്കും. ഉടൻ തന്നെ ഇത്തരം പരിശോധനകള്‍ ആരംഭിക്കുമെന്ന് ജില്ലാ ഫുഡ്സേഫ്റ്റി അസി.കമ്മീഷണർ പറഞ്ഞു.
ഗൃഹോപകരണ വില്‍പ്പന ശാലകളില്‍ എയർ കണ്ടീഷണറുകള്‍ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വില്‍പ്പന കൂട്ടാനായി വലിയ ഓഫറുകളും സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയർകൂളറുകള്‍, ഫാൻ, ഫ്രിഡ്ജ് എന്നിവയ്ക്കും വില്‍പ്പന കൂടിയതായി വ്യാപാരികള്‍ പറഞ്ഞു.
ഇതിനിടെ താപനില ഉയരുന്നതിനാല്‍ ചൂടു മൂലമുള്ള രോഗങ്ങള്‍ക്കും സാധ്യതയേറി. ചൂടുകാലത്ത് കൂടുതലായി കണ്ടു വരാറുള്ള ചിക്കൻപോക്സ് പല മേഖലകളിലും പടർന്നു പിടിച്ചിട്ടുണ്ട്. ചൂട് കൂടുതല്‍ കനത്താല്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുമേറും. നിർമാണത്തൊഴിലാളികള്‍, കർഷക ത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ എന്നിവർ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണമെന്നും കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണമെന്നും ഇവർ നിർദേശിക്കുന്നു.
കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും ട്രക്കിംഗും മറ്റും നടത്തുന്ന വിനോദസഞ്ചാരികളും കൃഷിയിടങ്ങള്‍ ഉള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മുൻകരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.