കാട്ടാനയുടെ ആക്രമണത്തില്‍ ഷെഡ് തകര്‍ന്നു
കാട്ടാനകളുടെ ആക്രമണങ്ങളില്‍ പൊറുതിമുട്ടി തോട്ടംമേഖല. കഴിഞ്ഞ ദിവസം ഗുണ്ടുമല എസ്റ്റേറ്റിലെത്തിയ പടയപ്പ ഷെഡ് തകര്‍ക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. ഗുണ്ടുമല അപ്പര്‍ ഡിവിഷനിലെ എസ്റ്റേറ്റ് ലയത്തോട് ചേര്‍ന്ന ഷെഡാണ് കാട്ടാന തകര്‍ത്തത്. കഴിഞ്ഞയാഴ്ച വിവാഹച്ചടങ്ങിന് എത്തിയ തമിഴ്നാട് സ്വദേശിയെ ആന ചവിട്ടിക്കൊന്ന തെന്മല എസ്റ്റേറ്റിനോടു തൊട്ടു ചേര്‍ന്ന എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം പടയപ്പ എത്തിയത്.
ശാന്ത സ്വഭാവിയായിരുന്ന പടയപ്പ സമീപകാലമായി ആക്രമണവാസന പ്രകടിപ്പിക്കുന്നത് എസ്റ്റേറ്റ് തൊഴിലാളികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന എക്കോ പോയിന്റിലെ കടകള്‍ക്കുനേരേയും പടയപ്പയുടെ ആക്രമണമുണ്ടായി.
കാട്ടാനയുടെ ആകമണങ്ങളെക്കൂടാതെ പുലിയും കടുവയും കാട്ടുപോത്തുമെല്ലാം ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്നതിനു പരിഹാരം കണ്ടെത്താനാവാതെ വനംവകുപ്പ് ഉദ്യോസ്ഥരും കുഴങ്ങുകയാണ്.