മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറിയതിന് കേസ്.റവന്യൂ ഡിപ്പാർട്ട്മെൻ്റാണ് കേസെടുത്തത്.50 സെൻറ് ഭൂമി കൈയേറിതിനാണ് കേസ്.ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് നോട്ടീസ് നൽകി


ചിന്നക്കനാലിലെ മാത്യു കുഴൽനാടൻ്റെ റിസോർട്ട് ഭൂമിയിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് റവന്യൂ വകുപ്പിന്റെ കണ്ടത്തെൽ. റിസോർട്ടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ്. ഇതിൻറെ ഭാഗമായി വിജിലൻസ് വിഭാഗം താലൂക്ക് സർവ്വേയറുടെ സഹായത്തോടെ നടത്തിയ സർവ്വേയിലാണ് കൈവശം വച്ചിരിക്കുന്ന പട്ടയ ഭൂമിയോടൊപ്പം 50 സെൻറ്റോളം സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് വിഭാഗം ഉടുമ്പൻചോല ലാൻ്റ് റവന്യൂ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിൽ അനധികൃതമായി സർക്കാർ ഭൂമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിനും ബോധ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഭൂ സംരക്ഷണ നിയമം പ്രകാരം ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ സീമ ജോസഫിന്റെ നിർദ്ദേശപ്രകാരം ചിന്നക്കനാൽ വില്ലേജ് ഓഫീസർ കേസെടുത്തത്.കയ്യേറ്റം ഒഴിപ്പിക്കാതിരിക്കുവാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് 25 ന് മാത്യുവിന് നോട്ടീസും നൽകി.വില്ലേജ് ഓഫീസർ ചിന്നക്കനാലിയിലെ റിസോർട്ടിൽ നേരിട്ട് എത്തിയാണ് നോട്ടീസ് നൽകിയത്.ഒഴിപ്പിക്കൽ നടപടികൾ വേഗത്തിൽ ആക്കുന്നതിന് ഭാഗമായാണ് നോട്ടീസ് നൽകിയതെന്നാണ് സൂചന.