ലോക്സഭാ തെരഞ്ഞെടുപ്പ്; ഘടകകക്ഷി നേതാക്കളുമായി ചർച്ചയ്ക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യുഡിഎഫ്. ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായാണ് ചർച്ച. തിങ്കളാഴ്ച മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തും.
മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടാൻ തയ്യാറെടുക്കുന്നതിന് ഇടയിലാണ് യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമാകുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. വൈകിട്ട് 3 ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൺൻ്റോൺമെന്റ് ഹൗസിലാണ് ചർച്ച.
നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗം കൂടുതൽ സീറ്റ് ചോദിക്കില്ല. പക്ഷേ കോട്ടയം സീറ്റിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചേക്കും. പിജെ ജോസഫ്, മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക.
29 ന് മുസ്ലിം ലീഗ് നേതൃത്വവുമായാണ് ചർച്ച. നിലവിലെ രണ്ട് സീറ്റുകൾക്ക് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് ലീഗ് ആവശ്യപ്പെടും. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് ലോക്സഭാ മണ്ഡലത്തിലാണ് ലീഗ് അവകാശവാദം ഉന്നയിക്കുക. അല്ലെങ്കിൽ മലബാറിലെ മറ്റൊരു സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെടും. വടകര, കണ്ണൂർ സീറ്റുകളിലാണ് ലീഗിന്റെ കണ്ണ്… ഈ സാഹചര്യത്തിൽ ചർച്ചയിൽ കോൺഗ്രസിന്റെ നിലപാട് നിർണായകമാകും. 30 ന് ആർഎസ്പി, കേരള കോൺഗ്രസ് ജേക്കബ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടത്തും.
31 ന് കേരള ഡെമോക്രാറ്റിക് പാർട്ടി, ജെഎസ്എസ് എസ് എന്നിവരുമായാണ് ചർച്ച. കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, കെ മുരളീധരൻ എംപി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. ആദ്യഘട്ട യോഗത്തിനുശേഷം ഒരിക്കൽ കൂടി ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും.