ഇടുക്കിയിലെ തോട്ടങ്ങളില്‍ അനുമതിയില്ലാതെ വെട്ടിക്കടത്തിയത് നൂറുകണക്കിനു ലോഡ് മരങ്ങള്‍. സി.എച്ച്.ആര്‍ ഭൂമിയില്‍ നിന്നടക്കമാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ മരം മുറി ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെ ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മരം ഇത്തരത്തില്‍ മുറിച്ചു കടത്തിയിട്ടുണ്ടെന്നാണ് വിവരം. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട കെ. ചപ്പാത്തിനു സമീപമുള്ള കാപ്പിത്തോട്ടത്തില്‍ സമാനമായി മരം മുറി നടന്നിട്ടുണ്ട്. സി.എച്ച്.ആര്‍ മേഖലയില്‍പെട്ട ഇവിടെ മരം മുറിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ സി.പി.ഐയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള കരാറുകാരന്‍ നിമയമങ്ങളെ നോക്കുകുത്തിയാക്കി വന്‍ തോതില്‍ മരം മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, പൂവം, കുമ്പിള്‍, തേക്ക്, ഈട്ടി, കാറ്റാടി തുടങ്ങിയ മരങ്ങളാണ് ഇവിടെ നിന്നും മുറിച്ചു കടത്തിയത്. മൂന്നു വര്‍ഷത്തോളമായി തോട്ടത്തില്‍ നിന്നും മരം മുറിച്ചു കടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നൂറു കണക്കിനു ലോഡ് മരണം ഇവിടെ നിന്നും കടത്തിയതായിട്ടാണ് വിവരം. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരത്തില്‍ വ്യാപകമായ മരം മുറി നടക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതേ കരാറാരുകാരന്‍ തന്നെയാണ് വണ്ടിപ്പെരിയാര്‍ 62-ാം മൈലിലുള്ള കുത്തകപാട്ട ഭൂമിയായ ഏലത്തോട്ടത്തിലും മരം മുറിക്ക് നേതൃത്വം നല്‍കുന്നത്. 200 ഏക്കറിലേറെ വരുന്ന തോട്ടത്തില്‍ നിന്നും വെള്ളിലാവും തേക്കും അടക്കമുള്ള മരങ്ങളാണ് വ്യാപകമായി മുറിച്ചു കടത്തുന്നത്. തോട്ടങ്ങളില്‍ മരം മുറിക്കണമെങ്കില്‍ വനം വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരുടെ അനുമതിക്കൊപ്പം തഹസില്‍ദാരുടെ എന്‍.ഒ.സി. കൂടി വേണമെന്നാണ് ചട്ടം. അപകടാവസ്ഥയിലായ മരങ്ങളും മറ്റുമാണ് മുറിച്ചു മാറ്റാന്‍ കഴിയുന്നത്. ഇത്തരത്തില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി അനുമതി വാങ്ങിയ ശേഷം വ്യാപകമായി മരം മുറി നടത്തുകയാണ് പതിവ്. മുറിച്ചു മാറ്റുന്ന മരം വ്യാജ പാസുകള്‍ ഉപയോഗിച്ച് ജില്ലാ അതിര്‍ത്തി കടത്താന്‍ ഇടനിലക്കാരുമുണ്ട്. ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധങ്ങളുടെ പിന്‍ബലത്തിലാണ് കരാറുകാരന്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നത്.