‘മാസല്ല ഇത് ക്ലാസ്’, ആരാധകരെ തൃപ്തിപ്പെടുത്തുമോ വാലിബൻ?; ആദ്യ പ്രതികരണങ്ങൾ


ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ പ്രദർശനം തുടങ്ങി. ഫസ്റ്റ് ഹാഫ് പൂർത്തിയാകവെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം അറിയിക്കുകയാണ് പ്രേക്ഷകർ. മാസല്ല ക്ലാസ് ആണ് ചിത്രമെന്നും പക്കാ എൽജെപി പടമായി കണ്ടാൽ മതിയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

ലോകേഷ് കനകരാജ് സിനിമയായി വാലിബനെ കാണാതിരുന്നാൽ സിനിമ തൃപ്തിപ്പെടുത്തുമെന്നാണ് ഒരു പ്രേക്ഷകൻ ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. ഓരോ ഫ്രെയിമുകളും മനോഹരമാണെന്നും മധു നീലകണ്ഠൻ അഭിനന്ദനം അർഹിക്കുവെന്നും പ്രതികരണങ്ങൾ ഉണ്ട്.ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ‘ഡീറ്റെയിലിങ്’ സംവിധായകൻ നൽകിയിട്ടുണ്ട്. സിനിമയിലെ ആക്ഷൻ രംഗങ്ങൾക്ക് ജാപ്പനീസ് ടച്ച് ഉണ്ടെന്ന് പറഞ്ഞ ഒരു പ്രേക്ഷകൻ തന്നെ ആദ്യ പകുതി തൃപ്തിപ്പെടുത്തിയില്ലെന്നും അഭിപ്രായപ്പെട്ടു. ‘സ്ലോ പേസ്ഡ് ഡ്രാമ’ എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്. ‘ഒടിയൻ’ നൽകിയ അത്രപോലും ഗൂസ്ബംപ്സ് നൽകുന്നില്ലെന്ന മോഹൻലാൽ ആരാധകരുടെ പരാതിയും ട്വീറ്റുകളിൽ കാണാം. രണ്ടാം പകുതിയിന്മേലാണ് ചിലർ പ്രതീക്ഷയർപ്പിക്കുന്നത്.വാലിബന്റെ ആദ്യ ഷോ കാണാൻ ആരാധകർക്കൊപ്പം സിനിമയുടെ താരനിരയും എറണാകുളം കവിത തിയേറ്ററിൽ എത്തിയിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാവ് ഷിബു ബേബി ജോൺ, തിരക്കഥാകൃത്ത് പി എസ് റഫീഖ്, നടി സുചിത്ര നായവർ എന്നിവരാണ് കവിതയിൽ എത്തിയത്.പ്രഖ്യാപനം മുതൽ മലയാള സിനിമാപ്രേമികളും ആരാധകരും വാലിബനായി കാത്തിരിക്കുകയായിരുന്നു. റിലീസിന് മുമ്പേ റെക്കോർഡുകൾ സ്ഥാപിച്ച് തുടങ്ങിയ സിനിമയ്ക്ക് ഹൈപ്പിനൊത്ത റിലീസാണ് അണിയറപ്രവർത്തകർ ഒരുക്കിയത്.