ഓപ്പറേഷൻ ബ്ലാക് ആൻഡ് വൈറ്റ്; ജില്ലയിൽ ഏഴ് കള്ള ടാക്സികള്‍ പിടികൂടി


കള്ള ടാക്സികള്‍ പെരുകുന്നുവെന്ന പരാതിയില്‍ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. സ്വകാര്യ വാഹനങ്ങള്‍ വാടകക്ക് ആളെ കയറ്റി അനധികൃതമായി സർവിസ് നടത്തുന്നതായും അതിനാല്‍ ഓട്ടം നഷ്ടപ്പെടുന്ന ടാക്സിക്കാരുടെ ജീവിതം ദുരിതപൂർണമാകുന്നതായും കാണിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) ദേവികുളം ജോ.ആർ.ടി.ഒക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപറേഷൻ ബ്ലാക് ആൻഡ് വൈറ്റ് എന്ന പേരില്‍ നടപടി ആരംഭിച്ചത്.
ഉദ്യോഗസ്ഥർ യൂനിഫോമിലും മഫ്തിയിലും ടാക്സി ഡ്രൈവർമാരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. അടിമാലി, കൊരങ്ങാട്ടി, പ്ലാമല, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 25 ല്‍ കൂടുതല്‍ വാഹനങ്ങള്‍ പരിശോധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് വാഹനങ്ങള്‍ക്കെതിരെ പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഇല്ലാതെ ടാക്സി സർവിസ് നടത്തിയതിന് കേസെടുത്തു. സ്വകാര്യ വാഹനങ്ങള്‍ വാടകക്ക് സർവിസ് നടത്തിയാല്‍ ഒരു അപകടം ഉണ്ടാകുന്ന പക്ഷം ഒരു തരത്തിലുള്ള ഇൻഷൂറൻസ് പരിരക്ഷയും യാത്രക്കാർക്ക് ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കുറ്റം ആവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ദേവികുളം ജോ. ആർ.ടി.ഒ എല്‍ദോ ടി.എച്ച് അറിയിച്ചു.