മലയോര ഹൈവേ നിർമാണം നിലച്ചു;നിർമാണ പ്രവർത്തനങ്ങൾക്ക് കല്ല് ലഭ്യമല്ലെന്നു കാട്ടി കരാറുകാർ റോഡ് പണികൾ നിർത്തിവച്ചു.
ഏലപ്പാറ ∙ പാറപൊട്ടിക്കൽ നിലച്ചു മലയോര ഹൈവേ നിർമാണം കടുത്ത പ്രതിസന്ധിയിൽ. നിർമാണ പ്രവർത്തനങ്ങൾക്ക് കല്ല് ലഭ്യമല്ലെന്നു കാട്ടി കരാറുകാർ റോഡ് പണികൾ നിർത്തിവച്ചു. ഇതാണ് ഇപ്പോൾ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. മണ്ണ് എടുത്തു മാറ്റിയ സ്ഥലങ്ങളിലെ സംരക്ഷണ ഭിത്തി നിർമാണം ഉൾപ്പെടെ സ്തംഭിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങളായി പണികൾ തീർത്തും ഭാഗികമാണ്. ഏലപ്പാറ– ചപ്പാത്ത് റോഡിൽ പാറ പൊട്ടിച്ചു നീക്കുന്നതിനു എതിരെ പരാതികളും വിവാദങ്ങളും ഉയർന്നിരുന്നു.
ഇതേ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി വിഭാഗം പരിശോധനയ്ക്ക് എത്തി. ഇതിനു പിന്നാലെ കരാറുകാർ പണികളിൽ നിന്നു പിൻവലിയുകയും ചെയ്തു. ജില്ലയിൽ ക്രഷർ യൂണിറ്റുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഇതിനാൽ കല്ല് ലഭിക്കുന്നതിനു സാധ്യതയില്ല. പാറപൊട്ടിക്കൽ തുടരാതെ ഹൈവേ നിർമാണം മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് കരാറുകാരുടെ നിലപാട്. മഴ ശക്തമായി തുടരുന്നതിനാൽ സംരക്ഷണ ഭിത്തികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.
അല്ലാത്ത പക്ഷം തിട്ടകൾ ഇടിഞ്ഞു മൺകൂന റോഡിലേക്കു പതിക്കാനുള്ള സാധ്യത കൂടുതലാണ്. മണ്ണ് മാറിയതു മൂലം ഇളകി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ, ലൈനുകൾ എന്നിവയും സംരക്ഷിക്കേണ്ടതുണ്ട്. ഒന്നാംമൈൽ ഭാഗത്ത് പാറ പൊട്ടിക്കുമ്പോൾ വീടുകൾക്ക് കുലുക്കം അനുഭവപ്പെടുന്നതായി ആണ് പ്രദേശവാസികളുടെ പരാതി. കൂടാതെ വ്യാപകമായി കൂറ്റൻ പാറകൾ പൊട്ടിച്ചു മാറ്റിയതായും ഏക്കറുകണക്കിനു സ്ഥലത്തെ മണ്ണും നീക്കം ചെയ്തുവെന്നും പരാതി ഉയർന്നിരുന്നു.