അയോധ്യ പ്രതിഷ്ഠാചടങ്ങ് അമേരിക്കയിലും വിപുലമായ ആഘോഷം; ടൈംസ്ക്വയറിൽ പ്രത്യേക ലൈവ് ടെലികാസ്റ്റ്

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലും വിപുലമായ ആഘോഷം. ടൈംസ്ക്വയറിൽ പ്രത്യേക ലൈവ് ടെലികാസ്റ്റ് ഒരുക്കിക്കഴിഞ്ഞു. ടൈം സ്‌ക്വയറിൽ ശ്രീരാമന്റെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെയാണ് ഹിന്ദു സമൂഹത്തിൽ നിന്നുമുള്ള നിരവധി പ്രവർത്തകർ അയോധ്യ ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി എത്തിയത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും റാലികളും സംഘടിപ്പിച്ചിട്ടുണ്ട്.

മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജനുകൾ ആലപിച്ചു. ഇതുസംബന്ധിച്ച ചിത്രങ്ങൾ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.ടൈം സ്‌ക്വയറിൽ ഒത്തുകൂടിയ ആളുകൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു എത്തിയത്. രാമഭജനുകളും ഗീതങ്ങളും പാടി അവർ പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണ്. ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമേന്തിയാണ് ഇന്ത്യൻ സമൂഹം ഒത്തുകൂടിയിരിക്കുന്നത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഉച്ചയ്‌ക്ക് 2.20ന് ചടങ്ങ് ആരംഭിക്കും. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഏഴായിരത്തിലധികം വിശിഷ്ട വ്യക്തികൾ ചടങ്ങിന്റെ ഭാഗമാകും.