ഏലക്കായുമായി വന്ന കണ്ടെയ്നര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


ഏലക്കായുമായി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.വണ്ടന്മേട്ടില്‍നിന്നു കൊച്ചിയിലേക്ക് ഏലക്കായയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അടിമാലി – കുമളി ദേശീയ പാതയില്‍ നാരകക്കാനം ഗാർഗിലിനും ഡബിള്‍കട്ടിംഗിനുമിടയിലാണ് അപകടം. കണ്ണമുണ്ടയില്‍ ജോണ്‍സന്‍റെ ഏലത്തോട്ടത്തിലേക്കാണ് ലോറി മറിഞ്ഞത്.
300 അടിയിലേറെ താഴ്ചയിലേയ്ക്ക് ലോറി തകിടം മറിയുകയായിരുന്നു. വണ്ടന്മേട് മാസ് എന്‍റർപ്രൈസസില്‍നിന്നു കുവൈറ്റിലേക്ക് കയറ്റിയയ്ക്കാനുള്ള ഏലക്കായുമായി കൊച്ചി തുറമുഖത്തേയ്ക്ക് പുറപ്പെട്ട കണ്ടെയ്നർ ലോറി ഇന്നലെ പുലർച്ചെ 1.15 ന് അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
കൊടുംവളവില്‍ നിയന്ത്രണംവിട്ട് ലോറി കൊക്കയിലേക്ക് ചരിഞ്ഞതോടെ ഡ്രൈവർ വാഹനത്തില്‍നിന്നും പുറത്തേക്ക് ചാടി. ലോറിയില്‍നിന്ന് ഏലക്കാ നിറച്ച കണ്ടെയ്നർ ആദ്യം കൊക്കയിലേക്ക് മറിഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടമായ ലോറിയും ചെങ്കുത്തായ കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. കണ്ടെയ്നർ വലിയൊരു മരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് പോവാതെ കിടന്നു.
ഡ്രൈവറുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ മുഖാന്തിരമാണ് സംഭവം പുറംലോകമറിഞ്ഞത്. ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഓരോ കിലോയുടെ കവറുകളിലാക്കിയ 30 കിലോയുടെ 450 ബോക്സ് ഏലക്കായാണ് കണ്ടെയ്നറിലുണ്ടായിരുന്നത്.ഇന്നലെ ഉച്ചയോടെ കേടുപാടുകള്‍ കൂടാതെ ഏലക്കായ് മുഴുവനും തലച്ചുമടായി റോഡിലെത്തിച്ച് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റി. അപകടത്തില്‍ ലോറി പൂർണമായും തകർന്നു. എറണാകുളത്തുള്ള ജോസ്കോ കമ്ബനിയുടേതാണ് ലോറി. സ്ഥലമുടമയുടെ അരയേക്കറോളം സ്ഥലത്തെ ഏലച്ചെടികള്‍ പൂർണമായും നശിച്ചിട്ടുണ്ട്.