പരിക്കേറ്റ പിടിയാനയ്ക്ക് രക്ഷകരായി വനപാലകർ
ഇടതു മുൻ കാലിൽ കൂർത്ത ഇരുമ്പ് കമ്പി തുളച്ചുകയറി നടക്കാൻ പോലും കഴിയാതെ അവശയായ പിടിയാനയെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ. മലയാറ്റൂർ വനം ഡിവിഷനിലെ കോടനാട് റെയ്ഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷൻ പരിധിയിൽപ്പെട്ട കോട്ടപ്പാറ വന മേഖല യിലാണ് ഏഴംഗ കാട്ടാന കൂട്ടത്തോടൊപ്പം പരിക്കേറ്റ പിടിയാനയെ വനം വകുപ്പ് പട്രോളിംഗ് സംഘം കണ്ടെത്തിയത്. ആനയെ മയക്കുവെടി വെച്ച് ചികിത്സ നടത്തുന്നതിന് സെൻട്രൽ സർക്കിൾ സി.സി.എഫിന്റെ അനുമതി ലഭിച്ചെങ്കിലും മറ്റ് ആനകൾ സമീപത്തു നിന്നും മാറാതെ നിന്നതോടെ ദൗത്യ നിർവ്വഹണത്തിന് ചെറിയ താമസം ഉണ്ടായെങ്കിലും കഠിനശ്രമത്തിലൂടെ മറ്റ് ആനകളെ അകറ്റിയ ശേഷം വെറ്റിനറി ഡോക്ടർമാരുടെ സംഘം ആനയുടെ കാലിൽ നിന്ന് കൂർത്ത കമ്പി കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചികിത്സയ്ക്കും തുടർ പരിചരണത്തിനും ശേഷം ആരോഗ്യം വീണ്ടെടുത്ത ആനയെ കാട്ടിലേക്ക് കയറ്റി വിട്ടു. മയക്ക് വെടി വെക്കുന്നതിനും ചികിത്സയ്ക്കായും വെറ്റിനറി ഡോക്ടർമാരായ ബിനോയ് സി ബാബു, ഡേവിഡ് എബ്രഹാം, R രാജ് എന്നിവർ നേതൃത്വം വഹിച്ചു. മലയാറ്റൂർ സി.എഫ്.ഒ. രവികുമാർ മീണ ഐ എഫ് എസ്, കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജിയോ ബേസിൽ പോൾ, മേയ്ക്കപ്പാല സ്റ്റേഷൻ സ്റ്റാഫുകൾ, പാലക്കാട് RRT സംഘം എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. തുടർ ദിവസങ്ങളിൽ ആനയെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.