കട്ടപ്പനയിൽ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിന്റെയും നവോഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം 19ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിക്കും
ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇരുവരുടെയും പൂര്‍ണകായ വെങ്കല പ്രതിമ ഒരേ പീഠത്തില്‍ നിര്‍മിക്കുന്നതെന്ന് കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ പറഞ്ഞു. അഞ്ച് അടി ഉയരത്തില്‍ 300 കിലോ ഭാരത്തിലാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്.
19ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തിന് ഓവറോള്‍ നേടിയ നരിയംപാറ മന്നംമെമ്മോറിയല്‍ സ്‌കൂളിലെ പ്രതിഭകളെ ആദരിക്കും.
ഒപ്പം മിനി സ്റ്റേഡിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പൊതുവേദിയും നാടിന് സമര്‍പ്പിക്കും. ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ജെ. ബെന്നി, സിജുചക്കൂംമൂട്ടില്‍, പ്രശാന്ത് രാജു, ബിനു കേശവന്‍, രാജന്‍ കാലാച്ചിറ, ലീലാമ്മ ബേബി എന്നിവരും പങ്കെടുത്തു.