ജീവിതച്ചിലവ് സൂചികയുടെ അടിസ്ഥാനത്തിൽ റബറിന് താങ്ങുവില പ്രഖ്യാപിക്കണം: ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ
റബർ കൃഷിയിലേർപ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ രക്ഷയ്ക്കായി റബറിന് ഉൽപ്പാദനച്ചിലവിന്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവ് സൂചികയുടെ അടിസ്ഥാനത്തിൽ (കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്സ്) താങ്ങുവില പ്രഖ്യാപിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ. ഇൻഫാം പൊൻകുന്നം കാർഷിക താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഉദ്യോഗസ്ഥർക്ക് അവരുടെ വേതനം ദീർഘകാല ഏകവരുമാനം ആയിരിക്കുന്നതു പരിഗണിച്ച് ശമ്പളം കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്‌സ് അടിസ്ഥാനത്തിലാണ് നിർണയിക്കുന്നത്. ഇതുപോലെ റബർ കൃഷി ദീർഘകാലവിളയും ഏകവിളയുമായിരിക്കുന്നതിനാൽ റബറിന് ഉൽപ്പാദനച്ചിലവിൻ്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവിന്റെ അടിസ്ഥാനത്തിലാണ് താങ്ങുവില പ്രഖ്യാപിക്കേണ്ടത്. ഒരേക്കർ റബറുള്ള കർഷകന് ആകെ കിട്ടാവുന്ന വാർഷിക വരുമാനം ഏറിയാൽ 80,000 രൂപയാണ്. അതിൽനിന്ന് ഉൽപ്പാദനച്ചിലവ് കുറച്ചാൽ മുപ്പതിനായിരം രൂപ പോലും ലഭ്യമാവുകയില്ല. ഇങ്ങനെ കണക്കാക്കിയാൽ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കുടുംബത്തിന് 2500 രൂപ മാസവരുമാനം കൊണ്ട് ജീവിക്കാനാവില്ലെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ കൂട്ടിച്ചേർത്തു. ഫാ. ജസ്റ്റിൻ മതിയത്ത് അധ്യക്ഷതവഹിച്ച യോഗത്തിൽ മോൺ. ജോർജ് ആലുങ്കൽ, ഫാ. ആൽബിൽ പുൽത്തകിടിയേൽ, ജെയ്‌സൺ ചെംബ്ലായിൽ, നെൽവിൻ സി. ജോയ്, തോമസ് തുപ്പലഞ്ഞിയിൽ, അജി ചെങ്ങളത്ത്, എബ്രഹാം പാമ്പാടിയിൽ, മാത്യു പുതുപ്പള്ളി, ആൻ്റണി തോമസ് പഴയവീട്ടിൽ, ഗ്രാമസമിതി പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു