ഇടുക്കിനാട്ടുവാര്‍ത്തകള്‍
കട്ടപ്പന സഹകരണ ആശുപത്രിയിൽ ജനിച്ച നൂറാമത്തെ കുഞ്ഞ്; 5 വർഷം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ആശുപത്രി ഭരണ സമിതി
കട്ടപ്പന ∙ നഗരത്തിലെ സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിച്ചശേഷം ജനിച്ച നൂറാമത്തെ കുഞ്ഞിന് 5 വർഷം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ആശുപത്രി ഭരണ സമിതി. തൊപ്പിപ്പാള പാമ്പൂരംപാറയിൽ സിബിൻ ജേക്കബ്-ജെഫിയ ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനാണ് ചികിത്സാ വാഗ്ദാനം. 4 മാസം മുൻപാണ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഈ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ഈ ആശുപത്രിയിൽ ജനിച്ച നൂറാമത്തെ കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണം 5 വർഷം ഉറപ്പു വരുത്താനാണ് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.സഗുൽ മുകുന്ദനെ ഭരണ സമിതി ചുമതലപ്പെടുത്തി. ഡോ.ജോസൺ വർഗീസിന്റെ നേതൃത്വത്തിലാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം. ഇവിടെ 100 കുഞ്ഞുങ്ങൾ പിറന്നതിൽ 73 പേരുടേതും സുഖ പ്രസവമായിരുന്നു.