നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി കൂദാശയും മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയപ്രഖ്യാപനവും 2024 ജനുവരി 18 വ്യാഴം നടക്കും
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി കൂദാശയും മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയപ്രഖ്യാപനവും
2024 ജനുവരി 18, വ്യാഴം
പുതുതായി പണികഴിപ്പിച്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫെറോനാ പള്ളിയുടെ കൂദാശാകർമ്മവും മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയപ്രഖ്യാപനവും നാളെ (ജനുവരി 18, വ്യാഴം) നടക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് ദേവാലയ കൂദാശയും പ്രഖ്യാപനവും നടത്തുന്നത്. സീറോ മലബാർ സഭയുടെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ സഹകാർമികരാകും. രാവിലെ 9.30 ന് യുവജനങ്ങളുടെ വാഹന റാലിയുടെ അകമ്പടിയോടെ എത്തിച്ചേരുന്ന മേജർ ആർച്ച് ബിഷപ്പിന് മാർ ജോൺ നെല്ലിക്കുന്നേലിന്റെയും ഇടവക വികാരി ഫാ. ജെയിംസ് ശൗര്യംകുഴിയുടെയും നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് തിരുക്കർമ്മങ്ങൾക്ക് ഒരുക്കമായുള്ള പ്രദക്ഷിണം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിക്കും. രൂപതയിലെ മുഴുവൻ വൈദികരും തിരുകർമ്മത്തിൽ സഹകാർമികരാകും. ദൈവാലയ കൂദാശയെ തുടർന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയ പ്രഖ്യാപനംനടക്കും. തുടർന്ന് രൂപതയെ പ്രതിനിധീകരിച്ച് ബഹു.ഫൊറോന പള്ളി വികാരിമാർ മേജർ ആർച്ച് ബിഷപ്പിന്റെ കരങ്ങൾ മുത്തി വിധേയത്വം പ്രഖ്യാപിക്കും. രൂപതയിലെ എല്ലാ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്യും. ഉച്ചഭക്ഷണത്തിനുശേഷം രൂപതയിലെ വൈദികർ സന്യസ്തർ കൈക്കാരൻമാർ ഭക്തസംഘടന ഭാരവാഹികൾ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരുമായി മേജർ ആർച്ച് ബിഷപ്പ് സംവാദം നടത്തും.
വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് ക്രമീകരിച്ചിട്ടുള്ളത്. 15,000 ത്തോളം ആളുകൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്നു. കരുണ ആനിമേഷൻ സെന്ററിലും യുപി സ്കൂൾ ഗ്രൗണ്ടിലും പാരീഷ്ഹാൾ ഗ്രൗണ്ടിലുമായി വാഹന പാർക്കിങ് ക്രമീകരിച്ചിരിക്കുന്നു. 200 പേരടങ്ങിയ സ്വാഗത സംഘം വിവിധ കമ്മിറ്റികളിലായി പ്രവർത്തിക്കുന്നു.
28, ഞായറാഴ്ചയാണ് തിരുനാൾ അവസാനിക്കുന്നത്. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർ തിരുനാൾ ദിവസങ്ങളിൽ വി. കുർബാനക്ക് കാർമ്മികത്വം വഹിക്കും.
1952 ലാണ് നെടുങ്കണ്ടത്ത് ഒരു ഇടവക സ്ഥാപിതമാകുന്നത്. ആദ്യകാല കുടിയേറ്റക്കാരുടെ ആശ്രയകേന്ദ്രം ആയിരുന്നു നെടുങ്കണ്ടം പള്ളി. ആദ്യ കാലഘട്ടത്തിൽ 50 ഓളം കുടുംബങ്ങൾ മാത്രമാണ് ഇടവകയിൽ ഉണ്ടായിരുന്നത് പിന്നീട് ഇടവകതിരിഞ്ഞ് 8 സ്വതന്ത്ര ഇടവകകൾ രൂപീകരിച്ചതിനു ശേഷവും ആയിരത്തോളം കുടുംബങ്ങൾ ഉള്ള വലിയ ഇടവകയാണ് നെടുങ്കണ്ടം. ഇടവക സ്ഥാപിതമായി 72 വർഷങ്ങൾ പിന്നിടുമ്പോൾ ഹൈറേഞ്ചിലെ പ്രമുഖ ഇടവക എന്ന ഖ്യാതിക്കപ്പുറം സീറോ മലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ഇടവകയായി കൂടി ഉയർത്തപ്പെടുകയാണ്.
ദൈവാലയ കൂദാശയ്ക്കും പ്രഖ്യാപനത്തിനും രൂപതാ വികാരി ജനറാൾമാർക്കൊപ്പം ഫാ. ജെയിംസ് ശൗര്യംകുഴി, ഫാ. ജോസഫ് കൂട്ടുംകുടിയിൽ, ഫാ.ജോൺ ചേനംചിറയിൽ, കെ. സി ചാക്കോ വരമ്പകത്ത്, ജോസഫ് ചാക്കോ പുത്തൂർ, ടോമി തോമസ് പൊട്ടനാനിയിൽ, ജോബിൻ തോമസ് മീൻതത്തിയിൽ എന്നിവർ നേതൃത്വം നൽകുന്നു.