മലയോര കർഷകരോട് കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണന – സിറിയക് ചാഴിക്കാട്
ചെറുതോണി: മലയോര കർഷകരോട് വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് കടുത്ത അവഗണയെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടൻ .കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തത് മലയോര ജനതയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അപ്രായോഗിക പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതും ജനങ്ങൾക്ക് വലിയതോതിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള ബി ജെ പി സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തത് . ഇത് ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളെ കടുത്ത ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനു കാരണമായിട്ടുണ്ട്.
മുഖ്യമായും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിതം കെട്ടിപ്പടുക്കുന്ന മലയോര കർഷകർക്ക് കടുത്ത തിരിച്ചടിയാകുന്ന മറ്റൊരു വിഷയം കാർഷിക രംഗത്തെ സബ്സിഡികൾ കേന്ദ്രം വെട്ടി കുറക്കുന്നതാണ്. സബ്സിഡികൾ എടുത്തുമാറ്റിയത് വളങ്ങൾ ഉൾപ്പെടെയുള്ള വയുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ട്, എന്നാൽ കേന്ദ്രസർക്കാർ ഏലം, റബ്ബർ, കുരുമുളക് മറ്റ് ഇതര നാണ്യവിളകൾക്ക് വില സ്ഥിരത നൽകാത്തത് കൃഷി മേഖലയിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്.
കോർപ്പറേറ്റ് വൽക്കരണത്തിന് മാത്രം പ്രാധാന്യം നൽകുന്ന മോഡി സർക്കാർ സാധാരണ കർഷകരെ അവഗണിച്ചുകൊണ്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് രാജ്യത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ , കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചെറുതോണിയിൽ യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ കേരള കോൺഗ്രസ് (എം ) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷിജോ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ വിപിൻ സി അഗസ്റ്റിൻ,ആൽബിൻ വറ പോളയ്ക്കൽ,ജെഫിൻ കൊടുവേലിൽ,ജോമി കുന്നപ്പള്ളി, ജോമറ്റ് ഇളംതുരുത്തിൽ,സാജൻ കൊച്ചുപറമ്പിൽ ,ഡിജോ വട്ടോത്ത്,അജിത്ത് കൈത്താളിക്കുന്നേൽ , ആന്റോ ഓലിക്കരോട്ട് , അബിൻ രാജു ,റോയിസൺ കുഴിഞ്ഞാലിൽ ,അനീഷ് മങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.